മലപ്പുറം ഗവണ്‍മെന്റ് കോളജില്‍ നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ മോഷണം പോയ കേസില്‍ എസ് എഫ് ഐ , കെ എസ് യു നേതാക്കള്‍ അറസ്റ്റില്‍. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി വിക്ടര്‍ ജോണ്‍സണ്‍, യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ അഭിഷേക്, ആദര്‍ശ്, കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് ആത്തിഫ്, ജിബിന്‍, ഷാലിന്‍, നിരഞ്ജന്‍ലാല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മൂന്നു ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്നായി 11 ഇന്‍വര്‍ട്ടര്‍ ബാറ്ററികളും 2 പ്രൊജക്ടറുകളും മോഷണം പോയിരുന്നു. മോഷണം പോയ 11 ബാറ്ററികളില്‍ ആറെണ്ണം നിലവില്‍ പ്രവര്‍ത്തിക്കുന്നവയാണ്. അഞ്ചെണ്ണം ഉപയോഗശൂന്യമായവയാണ്. പ്രോജക്ടറുകളില്‍ ഒന്ന് കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റിലേതായിരുന്നു.. മോഷ്ടിച്ച ബാറ്ററികള്‍ പ്രതികള്‍ ആക്രിക്കടയില്‍ വില്‍ക്കുകയായിരുന്നു. ആ പണം മുഴുവന്‍ അന്ന് തന്നെ ചെലവഴിച്ചെന്നും പൊലീസ് പറഞ്ഞു. മോഷണം പോയ പ്രൊജക്ടറുകള്‍ കണ്ടെത്തിയില്ല. തിങ്കളാഴ്ചയാണ് മോഷണം കോളേജ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.

ഇസ്ലാമിക് ഹിസ്റ്ററി, ഉറുദു, കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റുകളിലായിരുന്നു മോഷണം. കോളേജ് പ്രിന്‍സിപ്പലിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. സംഭവത്തിന് പിന്നാലെ നാല് എസ് എഫ് ഐക്കാരെ സംഘടനയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *