രാജ്യത്തിന്റെ ഭരണഘടനയ്‌ക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ മന്ത്രി സജി ചെറിയാൻ രാജിവെച്ചു.പാര്‍ട്ടി നിര്‍ദേശ പ്രകാരമാണ് സജി ചെറിയാൻ്റെ രാജി. മന്ത്രിയെ പരമാവധി സംരക്ഷിക്കാൻ സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയും ശ്രമിച്ചെങ്കിലും സിപിഎം കേന്ദ്ര നേതൃത്വം കര്‍ശന നിലപാട് എടുത്തതോടെ മന്ത്രി രാജിക്ക് ഒരുങ്ങുകയായിരുന്നുവെന്നാണ് പാര്‍ട്ടി വൃത്തങ്ങളിൽ നിന്നുള്ള വിവരം. ബുധനാഴ്ച വൈകീട്ട് നടന്ന മന്ത്രിസഭാ യോഗത്തിന് പിന്നാലെ സജി ചെറിയാന്‍ മുഖ്യമന്ത്രിയുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വാർത്താസമ്മേളനത്തിലൂടെ രാജി വിവരം അറിയിച്ചത്
മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പങ്കെടുത്ത സിപിഎം അവയ്ലബിള്‍ സെക്രട്ടറിയേറ്റ് നേരത്തെ ചേര്‍ന്നിരുന്നുവെങ്കിലും രാജിവെക്കുന്നില്ലെന്നായിരുന്നു യോഗത്തിന് ശേഷം ഇറങ്ങി വന്ന സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ഉചിതമായ നടപടിയുണ്ടാകുമെന്നായിരുന്നു ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്. നാളെ സമ്പൂര്‍ണ സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം രാജിയുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇന്ന് തന്നെ രാജിവെക്കുകയായിരുന്നു.വൈകിട്ട് അഞ്ച് മണിയോടെയാണ് സജി ചെറിയാൻ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്. രാജിപ്രഖ്യാപനത്തിനായി ഉടൻ മന്ത്രി മാധ്യമങ്ങളെ കാണും