കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്നു പ്രഖ്യാപിച്ച ശേഷം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ജനങ്ങളെ പരിഹസിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പുതിയ ഉത്തരവിലൂടെ ആരെയും തടഞ്ഞുനിര്‍ത്തി പിഴ ഈടാക്കാന്‍ പൊലീസിന് എല്ലാ അധികാരവും നല്‍കിയിരിക്കുകയാണ്. ആദ്യ ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും 72 മണിക്കൂര്‍ മുന്‍പ് എടുത്ത ആര്‍.ടി.പി.സി.ആര്‍ ഫലം കയ്യിലുള്ളവര്‍ക്കു മാത്രമെ പുറത്തിറങ്ങാനാകൂ. ജോലിക്ക് പോലും പോകാനാകാത്ത സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്ന് വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി.

കോവിഡ് നിയന്ത്രണ ഉത്തരവിന്റെ മറവില്‍ പെറ്റിയടിച്ച് ജനത്തെ കൊള്ളയടിക്കാന്‍ പൊലീസിന് അവസരമുണ്ടാക്കിക്കൊടുത്ത സര്‍ക്കാര്‍ നിലപാട് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള അടിയന്തിര പ്രമേയത്തിന് അവതണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചുള്ള ഇറങ്ങിപ്പോക്കിന് മുന്നോടിയായി പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

സംസ്ഥാനത്തെ 57.86 ശതമാനം പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ പോലും ലഭിച്ചിട്ടില്ല. വാകിസന്‍ എടുത്തവരില്‍ 45 വയസിനു താഴെ പ്രായമുള്ളവരുടെ എണ്ണവും കുറവാണ്. റിവേഴ്‌സ് ക്വാറന്റീനില്‍ ഇരിക്കേണ്ട 60 വയസിനു മുകളിലുള്ളവര്‍ സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോകുകയും ചെറുപ്പക്കാര്‍ വീട്ടില്‍ ഇരിക്കേണ്ടി വരുകയും ചെയ്യുന്ന സാഹചര്യമാകും പുതിയ ഉത്തരവ് സംസ്ഥാനത്തുണ്ടാക്കുക. ഒരു തുണിക്കടയില്‍ തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്ന പെണ്‍കുട്ടിക്ക് ഒരു മാസം 5000 രൂപയെങ്കിലും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് മാറ്റിവയ്‌ക്കേണ്ട സ്ഥിതിയാണ്.

ചടയമംഗത്ത് ബാങ്കിന് മുന്നില്‍ വരി നിന്നയാള്‍ക്ക് പെറ്റി നല്‍കിയ പൊലീസ് നടപടി ചോദ്യം ചെയ്ത പെണ്‍കുട്ടിക്ക് പെറ്റി നല്‍കുകയും കേസെടുക്കുകയും ചെയ്തു. ഞങ്ങളുടെ പെണ്‍മക്കളെ അസഭ്യം പറയാന്‍ നിങ്ങളുടെ പൊലീസിന് ആരാണ് അധികാരം നല്‍കിയത്. ലാത്തി എടുത്തും തെറിയഭിഷേകം നടത്തിയും മെക്കിട്ടുകയറിയുമാണോ കൊറോണയെ ഓടിക്കേണ്ടത്? 50 കൊല്ലം മുന്‍പുള്ള കുട്ടന്‍പിള്ള പൊലസിന്റെ കാലത്തേക്ക് കേരള പൊലീസിനെ പിണറായി സര്‍ക്കാര്‍ എത്തിച്ചിരിക്കുകയാണ്. ‘പെറ്റി സര്‍ക്കാര്‍’ എന്ന പേരിലാകും ഈ സര്‍ക്കാര്‍ ചരിത്രത്തില്‍ അറിയപ്പെടുക- വി.ഡി സതീശന്‍ പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയുള്ള ഉത്തരവ് പിന്‍വലിക്കണമെന്ന് പൊതുസമൂഹം മാത്രമല്ല നിങ്ങള്‍ക്കൊപ്പം ഇരിക്കുന്നവരും ആവശ്യപ്പെടുന്നു. സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്ന ഈ ഉത്തരവ് ജനത്തെ കൂടുതല്‍ കടക്കെണിയിലാക്കി ആത്മഹത്യയിലേക്ക് തള്ളിവിടുമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *