കിഫ്ബിക്കെതിരായ വിമര്‍ശനത്തില്‍ കെബി ഗണേഷ്‌കുമാര്‍ എംഎല്‍എയെ പിന്തുണച്ച് എന്‍ ഷംസീര്‍ എംഎല്‍എ.. കിഫ്ബി വഴി അനുവദിച്ച റോഡുകള്‍ ഉദ്യോഗസ്ഥരുടെ നിലപാടു കാരണം മുടങ്ങുന്നു എന്ന പരാതി ഉന്നയിച്ചത് പത്തനാപുരം എം.എല്‍.എ. കെ.ബി. ഗണേഷ് കുമാറാണ്. ശ്രദ്ധ ക്ഷണിക്കലിനെ എ.എന്‍. ഷംസീര്‍ എം.എല്‍.എയും പിന്തുണച്ചു. സര്‍വേയര്‍മാരുടെ നിയമനത്തെ ചൊല്ലി റവന്യൂ-പൊതുമമാത്ത് വകുപ്പു മന്ത്രിമാര്‍ തമ്മിലുള്ള ഭിന്നതയും നിയമസഭയില്‍ ഇന്ന് പരസ്യമായി.പാലം പണി വൈകുന്നത് കാരണം അമ്മയ്ക്ക് അസുഖം ഗുരുതരമാണെന്ന് അറിഞ്ഞ് കൊട്ടാരക്കരയിലേക്ക് പോയ താന്‍ വെഞ്ഞാറമൂട്ടിലെത്താന്‍ ഇരുപത് മിനുറ്റിലേറെ നടന്നുവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. തിരിച്ച് വീട്ടിലെത്തിയപ്പോള്‍ അമ്മ മരിച്ചു, ജീവനോടെ ഒന്ന് കാണാന്‍ പോലും കഴിഞ്ഞില്ല.
‘കിഫ്ബിയുടെ ചില തീരുമാനങ്ങള്‍ കാരണം മണ്ഡലത്തിലെ പാലം പണി നടക്കുന്നില്ല. സ്റ്റേറ്റ് ബാങ്കില്‍ നിന്ന് ലോണെടുത്തുവെന്ന് കരുതി വീടെങ്ങനെ നിര്‍മ്മിക്കണമെന്ന് സ്റ്റേറ്റ് ബാങ്ക് മാനേജരല്ലല്ലോ തീരുമാനിക്കുക എന്നും കിഫ്ബിയെ വിമര്‍ശിച്ച് ഗണേഷ് കുമാര്‍ പറഞ്ഞു. കിഫ്ബിയില്‍ കണ്‍സള്‍ട്ടന്‍സി ഒഴിവാക്കി മികച്ച ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്ഥലം ഏറ്റെടുക്കാനുള്ള സൗകര്യം കേരളത്തിലില്ലെന്നും കൂടുതല്‍ സര്‍വ്വേയര്‍മാരെ താത്ക്കാലികമായെങ്കിലും നിയമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗണേഷ് കുമാര്‍ സംസാരിച്ചതിന് പിന്നാലെ സര്‍വ്വേയര്‍മാരുടെ പ്രശ്‌നമുണ്ടെന്നും ഇതൊരു പൊതുവികാരമായി കാണണമെന്നും ഷംസീര്‍ എം.എല്‍.എ സഭയില്‍ പറഞ്ഞു.
കിഫ്ബി പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നു എന്നാണ് ശ്രദ്ധ ക്ഷണിക്കലില്‍ ഗണേഷ് കുമാര്‍ ചൂണ്ടിക്കാണിച്ചത്
ഗണേഷ് കുമാര്‍ ഉന്നയിച്ച വിഷയത്തിലെ പോസിറ്റീവ് സൈഡിനെ അതേ അര്‍ത്ഥത്തില്‍ തന്നെ കാണുകയാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.
”കേരളത്തിന്റെ പതിറ്റാണ്ടുകളായുള്ള വികസന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന നിലയിലാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കിഫ്ബിയെ നവീകരിച്ചത്. കിഫ്ബിയുണ്ടാക്കിയ മാറ്റം അനുഭവിച്ചവരാണ് നമ്മളെല്ലാം. ഇവിടെയിരിക്കുന്ന പല സാമാജികര്‍ക്കും അഭിമാനത്തോടെ ജനങ്ങളുടെ മുന്നിലെത്താന്‍ കിഫ്ബി പദ്ധതികള്‍ ഗുണം ചെയ്തിട്ടുണ്ട് എന്നത് വസ്തുതയാണ്. പൊതുമരാമത്ത് വകുപ്പിലും പല പ്രവര്‍ത്തനങ്ങളും കിഫ്ബി ഫണ്ട് ഉപയോഗിച്ച് പുരോഗമിക്കുന്നുണ്ട്. വൈറ്റില കുണ്ടന്നൂര്‍ മേല്‍പ്പാലം ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തിയാക്കിയതും ഓര്‍മപ്പെടുത്തുന്നു,” എം.എല്‍.എമാര്‍ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും എല്ലാ മാനദണ്ഡങ്ങളും മാറ്റാനാകില്ലെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി മറുപടി പറഞ്ഞു.