തെരുവ് നായ്ക്കളെ സംരക്ഷിക്കാനായി നടപടികൾ സ്വീകരിക്കാൻ തൃക്കാക്കര നഗരസഭക്ക് കോടതി നിർദ്ദേശം നൽകി.കാക്കനാട് നായ്ക്കളെ കൂട്ടത്തോടെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തിൽ സ്വമേധയാ എടുത്ത ഹർജി പരിഗണിക്കുന്ന സമയത്താണ് കോടതി ഇങ്ങനെ ഒരു നിർദേശം നൽകിയത്. തെരുവിൽ അലഞ്ഞു തിരിയുന്ന നായകൾക്ക് ഭക്ഷണം കിട്ടാത്തത് കൊണ്ടാണ് അവ അക്രമാസക്തമാകുന്നത്. അതിനാൽ തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകാനുള്ള കേന്ദ്രങ്ങൾ സ്ഥാപിക്കണം. ഇതിനായി സ്ഥലം കണ്ടെത്തുന്നതടക്കമുള്ള കാര്യങ്ങൾ അറിയിക്കാനാണ് തൃക്കാക്കര നഗരസഭാധികൃതരോട് ഹൈക്കോടതി നിർദേശം നൽകിയിട്ടുള്ളത്.
മൃഗങ്ങളെ വീട്ടിൽ വളർത്തുന്നവർ തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത് ലൈസൻസ് എടുക്കണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്നും സർക്കാരിനോട് ഹൈക്കോടതി പറഞ്ഞു . തദ്ദേശ സ്ഥാപനങ്ങൾക്ക് അടിയന്തരമായി സർക്കുലർ പുറപ്പെടുവിക്കാനാണ് സർക്കാരിന് കോടതി നൽകിയിട്ടുള്ള നിർദ്ദേശം.
എകെ ജയശങ്കരൻ നമ്പ്യാരും പി ഗോപിനാഥും അടങ്ങുന്ന ബെഞ്ചാണ് തെരുവുനായ്ക്കളുടെ വിഷയത്തിൽ സ്വമേധയാ എടുത്ത ഹരജി പരിഗണിക്കുന്നത്. ഹർജി ഹൈക്കോടതി തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും.