ജില്ലയിൽ സമ്പൂർണ കാൻസർ പരിചരണ പദ്ധതിക്ക് തുടക്കം

‘നമ്മുടെ കോഴിക്കോട് ‘ പദ്ധതിക്കു കീഴിൽ ജില്ലയിൽ സമ്പൂർണ ക്യാൻസർ പരിചരണ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെയും ഇതു സംബന്ധിച്ച് ആശാ വർക്കർമാർക്കുള്ള ബോധവൽകരണ പരിപാടിയുടെയും ഉദ്ഘാടനം ജില്ലാ കലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി ഓൺലൈനായി നിർവ്വഹിച്ചു. സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന ഗർഭാശയഗള ക്യാൻസറിനെക്കുറിച്ച് ഫീൽഡ് തലത്തിൽ അവബോധം നൽകുന്നത് രോഗം നേരത്തെ കണ്ടു പിടിക്കുന്നതിനും ചികിത്സിച്ച് ഭേദമാക്കുന്നതിനും സഹായിക്കുമെന്ന് ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു . പദ്ധതിയ്ക്ക് ജില്ലാ ഭരണകൂടത്തിൻ്റെ സഹായ സഹകരണങ്ങൾ ഉണ്ടാകുമെന്നും കലക്ടർ പറഞ്ഞു.

സ്തനാർബുദം ,വായിലെ കാൻസർ ,ഗർഭാശയഗള കാൻസർ എന്നിവ കണ്ടു പിടിക്കുകയും സമയബന്ധിതമായി ചികിത്സ ഉറപ്പു വരുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും നാഷനൽ ഹെൽത്ത് മിഷനും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ടു വർഷത്തെ പദ്ധതിയാണിത്.

ആശാ വർക്കർമാർക്കുള്ള സ്ക്രീനിംഗ് ടൂൾ കൊണ്ട് ഫീൽഡിൽ നിന്ന് കാൻസർ ലക്ഷണമുള്ളവരെ കണ്ടെത്തുകയും വി.ഐ.എ പരിശോധനക്ക് വിധേയരാക്കുകയും ചെയ്യും. രോഗലക്ഷണം കണ്ടെത്തുന്നവരെ താലൂക്കടിസ്ഥാനത്തിൽ കെഎഫ്ഒജി യുടെ നേതൃത്വത്തിൽ പരിശോധിച്ച് ചികിത്സ ഉറപ്പു വരുത്തും.

ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ.ടി.മോഹൻദാസ്, മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ.രാജേന്ദ്രൻ, ഡിപിഎം ഡോ.എ.നവീൻ, എൻ.സി.ഡി നോഡൽ ഓഫീസർ ഡോ.ബിപിൻ ഗോപൻ തുടങ്ങിയവർ പങ്കെടുത്തു .
പുതുക്കിയ ഉത്തരവ് പ്രകാരമുള്ള കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാൻ നിർദ്ദേശം

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഇറക്കിയ പുതുക്കിയ ഉത്തരവ് പ്രകാരമുള്ള കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാൻ കോവിഡ് സ്പെഷൽ ഓഫീസർ സഞ്ജയ് കൗൾ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ജില്ലാ കലക്ടർ എൻ. തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന ഉദ്യോഗസ്ഥ യോഗത്തിലാണ് നിർദ്ദേശമുണ്ടായത്.

ഉത്തരവു പ്രകാരം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിനു പകരം
പ്രതിവാര ജനസംഖ്യാനുപാതിക രോഗവ്യാപന തോത് ( WIPR) അടിസ്ഥാനമാക്കിയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ഇളവു നൽകുകയും ചെയ്യുക. അതിവ്യാപനമുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രത്യേക കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കും.

കുറഞ്ഞത് രണ്ടാഴ്ചയ്ക്ക് മുമ്പെങ്കിലും കോവിഡ് വാക്സിന്റെ ആദ്യഡോസെങ്കിലും എടുത്തവര്‍, 72 മണിക്കൂറുകള്‍ക്കകം എടുത്തിട്ടുള്ള ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം ഉള്ളവര്‍, അല്ലെങ്കില്‍ കുറഞ്ഞത് ഒരുമാസം മുന്‍പെങ്കിലും കോവിഡ് രോഗം പിടിപെട്ട് ഭേദമായ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ എന്നിവർക്കു മാത്രമേ കട കമ്പോളങ്ങള്‍, ബാങ്കുകള്‍, പൊതു,സ്വകാര്യ മേഖലയിലെ ഓഫീസുകള്‍ ധനകാര്യ സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, തുറന്ന ടൂറിസ്റ്റ് ഇടങ്ങള്‍ മറ്റ് സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ പ്രവേശനാനുമതിയുള്ളൂ. വാക്സിൻ എടുക്കാത്ത കുട്ടികളെ അത്യാവശ്യ ഘട്ടത്തിൽ പുറത്തു കൊണ്ടുപോകാൻ ഈ ഗണത്തിൽ പെടുന്ന ആളുകൾക്കു മാത്രമേ അനുമതിയുള്ളൂ.

ഹോട്ടലുകളിലും താമസ സൗകര്യമുള്ള റിസോർട്ടുകളിലും ബയോ ബബിൾ മാതൃകയിൽ ദിവസവും താമസ സൗകര്യം നൽകാം.

ജില്ലയിൽ കോവിഡ് പരിശോധന ശക്തമാക്കാനും വാക്സിൻ വിതരണം വ്യാപകമാക്കാനും
കോവിഡ് സ്പെഷൽ ഓഫീസർ നിർദ്ദേശിച്ചു. കോവിഡ് ചികിത്സക്ക് സജ്ജമായ സർക്കാർ, സ്വകാര്യ ആശുപത്രികളുടെ പട്ടികയും ചികിത്സാ സൗകര്യങ്ങളും അദ്ദേഹം വിലയിരുത്തി.

ജില്ലാ പോലീസ് മേധാവി എ.വി.ജോർജ്ജ്, സബ് കലക്ടർ ചെൽസ സിനി, അസി. കലക്ടർ മുകുന്ദ് കുമാർ, കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. വി ആർ.രാജേന്ദ്രൻ, അഡീ. ഡിഎംഒ മാരായ ഡോ. പീയൂഷ് , ഡോ.എൻ. രാജേന്ദ്രൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ജില്ലയിലെ ബീച്ചുകളിൽ പ്രവേശനമുണ്ടാവില്ല

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയിട്ടുണ്ടെങ്കിലും ഒരറിയിപ്പുണ്ടാകുന്നതു വരെ ജില്ലയിലെ ബീച്ചുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാവില്ല. സരോവരം ബയോപാർക്കിൽ ഇന്നു (ആഗസ്റ്റ് 6 ) മുതൽ വിനോദസഞ്ചാരികൾക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പ്രവേശനം അനുവദിക്കുമെന്ന് ഡി.റ്റി.പി.സി. സെക്രട്ടറി അറിയിച്ചു.
കണ്ടെയ്ൻമെൻറ് സോണിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചിരിക്കുകയാണ്.

രോഗ പരിശോധനയും സമ്പർക്ക പരിശോധനയും വർദ്ധിപ്പിക്കും

നിരീക്ഷണം ശക്തിപ്പെടുത്തും

ജില്ലയിൽ കോവിഡ് രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രോഗ പരിശോധനയും സമ്പർക്ക പരിശോധനയും വർദ്ധിപ്പിക്കാനും ഗാർഹിക നിരീക്ഷണം ശക്തിപ്പെടുത്താനും തീരുമാനം.
ഓരോ ആഴ്ചയിലും ജനസംഖ്യയുടെ ആറ് ശതമാനം ആളുകളെയെങ്കിലും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ പങ്കെടുത്ത കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

രോഗ ലക്ഷണമോ സമ്പർക്കമോ ഉള്ളവർ, കണ്ടെയ്ൻമെന്റ് സോണിലുള്ളവർ, മാർക്കറ്റുകളിൽ ജോലിചെയ്യുന്നവർ, അതിഥി തൊഴിലാളികൾ, ക്ലസ്റ്ററുകളിൽ ഉള്ളവർ തുടങ്ങിയവരെ നിർബന്ധമായും പരിശോധനയ്ക്ക് വിധേയമാക്കും. സമ്പര്‍ക്ക പരിശോധന (കോണ്‍ട്രാക്ട് ട്രെയ്‌സിംഗ്) ഒരു രോഗിക്ക് പത്ത് പേർ എന്ന അടിസ്ഥാനത്തിൽ വർദ്ധിപ്പിക്കും.

ക്വാറന്റൈനിൽ ഉള്ളവരുടെ പരിശോധന പോലീസും ആർ.ആർ.ടി.യും ശക്തമാക്കും. കോവിഡ് പോസിറ്റീവായ വ്യക്തികളിൽ വീടുകളിൽ ക്വാറൻ്റയിൻ സൗകര്യമില്ലാത്ത എല്ലാവരേയും ഡൊമിസിലിയറി കെയർ സെൻ്ററിലേക്ക് മാറ്റണമെന്നും ജില്ലാ കലക്ടർ
ഡോ.എൻ. തേജ് ലോഹിത് റെഡ്ഢി നിർദ്ദേശിച്ചു..

കണ്ടെയ്ൻമെന്റ് സോണുകളുടെ വിവരങ്ങൾ ജാഗ്രത പോർട്ടലിൽ കൃത്യമായി അപ്ഡേറ്റ് ചെയ്യണം. കണ്ടെയ്ൻമെന്റ് സോണുകളിൽ ബാരിക്കേഡുകൾ വെച്ച് കർശന നിയന്ത്രണം ഏർപ്പെടുത്തും. അത്യാവശ്യ സാഹചര്യങ്ങളിലല്ലാതെ ആളുകൾ പുറത്തിറങ്ങുന്നില്ലെന്നും ഉറപ്പു വരുത്തും. വാർഡുകളിൽ മൈക്ക് അനൗൺസ്മെന്റ് നടത്തും. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ജനമൈത്രി പോലീസിനെയോ സന്നദ്ധ സേനാംഗങ്ങളെയോ വിന്യസിക്കും. മാസ്സ് ടെസ്റ്റിംഗ് നടത്തുകയും വീടുകൾതോറുമുള്ള നിരീക്ഷണം ശക്തമാക്കുകയും ചെയ്യും.

വാർഡ് തലത്തിലും പഞ്ചായത്ത് തലത്തിലും യോഗം ചേർന്ന് സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തണമെന്നും ജില്ലാ കലക്ടർ പറഞ്ഞു. നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തി രോഗവ്യാപനം നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ ശക്തമായ ഇടപെടൽ ഉണ്ടാവണമെന്ന് കോവിഡ് സ്പെഷൽ ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു.

ഓൺലൈനായി നടന്ന യോഗത്തിൽ മേയർ ബീന ഫിലിപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *