കൊച്ചി: കാലടി പൊലീസ് സ്റ്റേഷനില്‍ ദളിത് യുവാവ് ക്രൂര മര്‍ദ്ദനത്തിന് ഇരയായ സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ വകുപ്പ് തല നടപടി. നാലു പൊലീസുകാരെ ആണ് ആഭ്യന്തര വകുപ്പ് സസ്‌പെന്റ് ചെയ്തത്. എസ്എച്ച്ഒ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്കാണ് സസ്‌പെന്‍ഷന്‍. അജ്മന്‍, നിസാര്‍, ധനേഷ്, രജിത്ത് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ രണ്ടിനായിരുന്നു സുജിത്ത് ജയന് ക്രൂരമായ പൊലീസ് മര്‍ദ്ദനമേറ്റത്.

കഴിഞ്ഞ ദിവസമാണ് കാലടി സ്വദേശി സുജിത്ത് എസ്പിക്ക് പരാതി നല്‍കിയത്. സെപ്റ്റംബര്‍ രണ്ടാം തീയതി ഉച്ചയ്ക്ക് സ്റ്റേഷനിലെത്തിച്ച് രാത്രിവരെ ക്രൂരമായി മര്‍ദ്ദിച്ചെന്നായിരുന്നു യുവാവിന്റെ പരാതി. ജനനേന്ദ്രിയത്തില്‍ പൊലീസ് ബൂട്ടിട്ട് തൊഴിച്ചു എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളുണ്ടായിരുന്നു. ഇന്റര്‍ലോക് കട്ട കൊണ്ട് മുതുകില്‍ ഇടിച്ചെന്നും നഗ്നനാക്കി മര്‍ദിച്ചെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഇദ്ദേഹത്തെ മര്‍ദ്ദിച്ച പൊലീസുകാരുടെ പേരടക്കം ഉള്‍പ്പെടുത്തിയായിരുന്നു പരാതി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ രണ്ടാം തീയതി സുജിത്തിനെ വീട്ടില്‍ നിന്ന് പൊലീസ് പിടിച്ചുകൊണ്ട് പോവുകയായിരുന്നു. ഇദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ക്രിമിനല്‍ കേസില്‍പ്പെട്ടിട്ടുണ്ടെന്നും അത് അന്വേഷിക്കാനാണ് കൊണ്ടു പോകുന്നതെന്നുമാണ് പൊലീസ് പറഞ്ഞിരുന്നത്. സ്റ്റേഷനില്‍ എത്തിയ ശേഷം ഇതിനെക്കുറിച്ച് ഒന്നും ചോദിച്ചിരുന്നില്ല. എന്നാല്‍ തന്റെ പേരും ജാതിയും മാത്രം ചോദിച്ച് അത് രേഖപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും സുജിത്ത് പറഞ്ഞിരുന്നു. പിന്നാലെയാണ് ക്രൂര മര്‍ദ്ദനമുണ്ടായത്.

ഉച്ചക്ക് 12:30 ന് സ്റ്റേഷനില്‍ എത്തിച്ച ശേഷം പിറ്റേ ദിവസം രണ്ട് മണിവരെ മര്‍ദ്ദിച്ചെന്നാണ് യുവാവ് പറഞ്ഞിരുന്നത്. കാല്‍ അകത്തി വെച്ചശേഷം ബൂട്ടിട്ട് ജനനേന്ദ്രിയത്തില്‍ തൊഴിക്കുകയും ലാത്തി ഉപയോഗിച്ച് മര്‍ദ്ദിക്കുകയും ചെയ്തെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.

താന്‍ ഒരു ടാക്സി ഡ്രൈവറാണെന്നും എന്നാല്‍ വാഹനം ഒടിക്കുന്നതിനിടയില്‍ വരുന്ന പെറ്റി കേസ് പോലും തനിക്കെതിരെ ഇല്ലെന്നും സുജിത്ത് വ്യക്തമാക്കിയിരുന്നു.

സുജിത്തിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നതിലടക്കം വ്യക്തത ഉണ്ടായിരുന്നില്ല. സ്റ്റേഷനില്‍ നിന്ന് വിട്ടയച്ച ശേഷം സുജിത്ത് കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *