മലപ്പുറം കാടാമ്പുഴയില്‍ പൂര്‍ണഗര്‍ഭിണിയായ അമ്മയേയും മകനേയും കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു വെട്ടിച്ചിറ ചാരിയത്തൊടി മുഹമ്മദ് ശെരീഫാണ് (42) ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പാലക്കാട് ജയിലിൽ വെച്ചാണ് ആത്മഹത്യാ ശ്രമം. കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാനാണ് മുഹമ്മദ് ശരീഫ് ശ്രമിച്ചത്. പ്രതിയെ ഉടന്‍ തന്നെ ആശുപത്രിയിലാക്കി കേസില്‍ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി, ഇന്ന് ശിക്ഷ വിധിക്കാനിരിക്കെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് .
പല്ലിക്കണ്ടത്ത് വലിയ പുരയ്ക്കല്‍ മരക്കാരിന്റെ മകള്‍ ഉമ്മുസല്‍മ (26), മകന് ദില്‍ഷാദ് (7) എന്നിവരെയാണ് മുഹമ്മദ് ശരീഫ് കൊലപ്പെടുത്തിയത്. കൊല്ലണമെന്ന ഉദേശ്യത്തോടെ വീട്ടില്‍ അതിക്രമിച്ച് കയറല്‍, ഗര്‍ഭസ്ഥ ശിശുവിനെ കൊല്ലണമെന്ന ലക്ഷ്യത്തോടെയുള്ള കുറ്റകൃത്യം, കൊലപാതകം എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.
2017-ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം. കരാറുകാരനായ പ്രതി വീടുപണിക്ക് വന്നപ്പോഴാണ് ഭര്‍ത്താവുമായി പിരിഞ്ഞ് വീട്ടില്‍ കഴിയുകയായിരുന്ന ഉമ്മുസല്‍മയെ പരിചയപ്പെടുന്നത്. പിന്നീട് ഇവര്‍ അടുപ്പത്തിലായി. ഉമ്മുസല്‍മ ഗര്‍ഭിണിയാകുകയും പ്രസവശേഷം ഷരീഫിനൊപ്പം താമസിക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയുംചെയ്തു. ഭാര്യയും മക്കളുമുള്ള ഷരീഫ് തന്റെ അവിഹിതബന്ധം പുറത്തറിയാതിരിക്കാന്‍ ആസൂത്രിതമായി കൊലപാതം നടത്തിയെന്നാണു കേസ്. വളാഞ്ചേരി സി.ഐ. കെ.എ. സുലൈമാന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. സി. വാസു ഹാജരായി.
പത്തുമാസം ഗര്‍ഭിണിയായ ഉമ്മുസല്‍മയെ വീട്ടില്‍ അതിക്രമിച്ചുകയറിയ പ്രതി കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണു കേസ്. കണ്ടുനിന്ന മകന് ദില്ഷാദിനെയും ഇതേരീതിയില്‍ കൊലപ്പെടുത്തി. കൊലപാതകത്തിനിടെ ഉമ്മുസല്‍മ പാതി പ്രസവിക്കുകയും ശുശ്രൂഷകിട്ടാതെ നവജാതശിശു മരിക്കുകയുംചെയ്തു. ദിവസങ്ങള്‍ക്കുശേഷം നാട്ടുകാരാണ് മൃതദേഹങ്ങള്‍ കിടപ്പുമുറിയില്‍ പുഴുവരിച്ചനിലയില്‍ കണ്ടെത്തിയത്.
മരണവിവരം അറിഞ്ഞിട്ടും വീട്ടില്‍ നിത്യസന്ദര്‍ശകനായ ഷരീഫിന് പരാതിയൊന്നുമുണ്ടായില്ല. ഉമ്മുസല്‍മയുടെ ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
