അന്താരാഷ്ട-ആഭ്യന്തര വിമാന ടിക്കറ്റുകളിൽ 300 മുതൽ 1000 രൂപ വരെ നിരക്ക് വർദ്ധിപ്പിക്കാൻ വിമാനക്കമ്പനിയായ ഇൻഡി​ഗോയുടെ തീരുമാനം. വിമാനത്തിൽ ഉപയോഗിക്കുന്ന ഏവിയേഷൻ ടർബൈൻ ഫ്യുവലിന് വില കൂടിയതാണ് ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നതിന് കാരണമെന്ന് ഇൻഡി​ഗോ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഒക്ടോബർ ആറ് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. കഴിഞ്ഞ മൂന്ന് മാസമായി ഇന്ധനവില വർധിച്ചുകൊണ്ടിരിക്കുകയാണ്. കമ്പനിയുടെ പ്രവർത്തനച്ചെലവിന്റെ ഗണ്യമായ ഭാഗവും ഇന്ധനത്തിന് വേണ്ടിവരുന്നു. ഈ സാഹചര്യത്തിലാണ് നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചതെന്നാണ് ഇൻഡിഗോയുടെ വിശദീകരണം. 500 കിലോമീറ്റർ വരെയുള്ള യാത്രയുടെ ടിക്കറ്റിന് 300 രൂപയും 1001 മുതൽ 1500 കിലോമീറ്റർ വരെ 550 രൂപയും 1501-2500 കിലോമീറ്ററിന് 650 രൂപയും അധികമായി നൽകണം. 2501 മുതൽ 3500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 800 രൂപ, 3501 കിലോമീറ്ററിൽ കൂടുതലുള്ള യാത്രകൾക്ക് 1000 രൂപയും ഇന്ധന ചാർജായി കൂടുതൽ ഈടാക്കും. ഭാവിയിൽ ഇൻഡിഗോയെ പിന്തുടർന്ന് മറ്റു കമ്പനികളും നിരക്ക് വർധിപ്പിച്ചേക്കുമെന്നാണ് സൂചന.
അറുപത് ശതമാനത്തിലധികം ആഭ്യന്തര വിപണി വിഹിതമുള്ള ഇൻഡിഗോ പ്രതിദിനം 1,900-ലധികം സർവീസുകളാണ് നടത്തുന്നത്. 2018-ൽ വിമാനക്കമ്പനികൾ ഇന്ധന സർചാർജ് ഏർപ്പെടുത്തിയിരുന്നു. പിന്നീട് ഇന്ധന വിലയിൽ കുറവുണ്ടായതിനെ തുടർന്ന് ഇത് ഒഴിവാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *