ദില്ലി: ഇന്ത്യയിൽ നിർമിക്കുന്ന ചുമയ്ക്കുള്ള മരുന്നുകളിൽ അപകടകരമായ പദാർത്ഥങ്ങളുടെ സാന്നിധ്യം. ഇത് കണ്ടെത്തിയത് ഗുജറാത്ത് ഫുഡ് ആന്റ് ഡ്രഗ്സ് കൺട്രോൾ അഡ്മിനിസ്ട്രേഷൻ ആണ്. ലോകത്താകമാനം 141 കുട്ടികളുടെ മരണത്തിന് ചുമ മരുന്നുകൾ കാരണമായെന്ന് കണ്ടെത്തി മാസങ്ങൾക്കിപ്പുറമാണ് പുതിയ റിപ്പോർട്ട്. നോറിസ് മെഡിസിൻ നിർമ്മിക്കുന്ന ചുമ മരുന്നുകൾക്കെതിരെയാണ് കണ്ടെത്തൽ. ഡൈ എത്തിലീൻ ഗ്ലൈക്കോൾ, എത്തിലീൻ ഗ്ലൈക്കോൾ എന്നിവയുടെ സാന്നിധ്യമാണ് മരുന്നുകളിൽ കണ്ടെത്തിയിരിക്കുന്നത്.
ഗാബിയ, ഉസ്ബെക്കിസ്ഥാൻ, കാമറൂൺ എന്നിവിടങ്ങളിലായി കുട്ടികളുടെ മരണത്തിനിടയാക്കിയ ചുമ മരുന്നിൽ കണ്ടെത്തിയ പദാർത്ഥങ്ങളാണ് ഇവ. രണ്ട് വർഷത്തിനിടെ ആദ്യമായാണ് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡാർഡ് കൺട്രോൾ ഓർഗനൈസേഷൻ ഈ പദാർത്ഥങ്ങളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്യുന്നത്. മരുന്നുകളുടെ നിർമ്മാണം നിർത്താനും മരുന്നുകൾ തിരിച്ച് വിളിക്കാനും നിർദ്ദേശം നൽകിയതായി ഗുജറാത്ത് ഫുഡ് ആൻ ഡ്രഗ്സ് കൺട്രോൾ അഡ്മിനിസ്ട്രേഷൻ കമ്മീഷണർ എച്ച് ജി കോശിയ അറിയിച്ചു .ആവശ്യത്തിന് വെള്ളം, എയർ ഹാൻഡിലിംഗ് യൂണിറ്റ് എന്നിവ ഫാക്ടറിയിൽ ഇല്ലെന്നും കോശിയ പറഞ്ഞു. നേരത്തെ നോയിഡ കേന്ദ്രമായ മാരിയോൺ ബയോടെക് ഉൽപാദിപ്പിക്കുന്ന ‘ഡോക്-1-മാക്സ്’, അബ്റോണോൾ എന്നീ രണ്ട് മരുന്നുകൾ ഉപയോഗിക്കരുതെന്ന് ലോകാരോഗ്യസംഘടന അറിയിച്ചിരുന്നു.
സാംപിളുകൾ പരിശോധിച്ചതിന് പിന്നാലെ ഗുണനിലവാരം ഇല്ല എന്ന കണ്ടെത്തലിന്റെ പേരിലാണ് ലോകാരോഗ്യസംഘടന ഇത്തരമൊരു ശുപാർശ നടത്തിയത്.