ന്യൂഡല്‍ഹി: ലൈംഗികാരോപണത്തെത്തുടര്‍ന്ന് കോറിയോഗ്രാഫര്‍ ഷെയ്ഖ് ജാനി ബാഷ എന്ന ജാനി മാസ്റ്ററുടെ ദേശീയ അവാര്‍ഡ് മരവിപ്പിച്ചു. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ജാനി മാസ്റ്റര്‍ക്ക് അവാര്‍ഡ് നല്‍കാനുള്ള തീരുമാനം മരവിപ്പിച്ചതായി നാഷണല്‍ ഫിലിം അവാര്‍ഡ്സ് സെല്‍ അറിയിച്ചു. ഈ മാസം 8 ന് ന്യൂഡല്‍ഹിയില്‍ വെച്ചാണ് അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്.
തിരുച്ചിത്രംബലം എന്ന സിനിമയ്ക്കാണ് ജാനി മാസ്റ്റര്‍ക്ക് പുരസ്‌കാരം ലഭിച്ചത്. മധ്യപ്രദേശ് സ്വദേശിനിയായ അസിസ്റ്റന്റ് കോറിയോഗ്രാഫര്‍ നല്‍കിയ ലൈംഗിക പീഡന പരാതിയിലാണ് ജാനി മാസ്റ്റര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. കേസില്‍ സെപ്റ്റംബര്‍ 19 ന് ജാനി മാസ്റ്ററെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
2017 ല്‍ മുംബൈയില്‍ വെച്ച് ജാനി മാസ്റ്റര്‍ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു 21 കാരിയുടെ പരാതി. സംഭവം പുറത്തു പറയരുതെന്ന് ആവശ്യപ്പെട്ട് ജാനി മാസ്റ്റര്‍ ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നും യുവതി പറയുന്നു. കേസില്‍ ജാനി മാസ്റ്റര്‍ ജാമ്യത്തിലാണ്. ജാനി മാസ്റ്റര്‍ക്കെതിരെ പോക്‌സോ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.