കാസര്‍കോട്: കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ ആര്‍എസ്എസ് സൈദ്ധാന്തികന്‍ ജെ നന്ദകുമാറിനെ വന്ദേമാതര സെമിനാറില്‍ മുഖ്യപ്രഭാഷകനായി ഉള്‍പ്പെടുത്തിയതില്‍ അതിശക്തമായ വിദ്യാര്‍ത്ഥി പ്രതിഷേധം. എസ്എഫ്‌ഐ, കെഎസ്‌യു, എംഎസ്എഫ്, എഐഎസ്എഫ് വിദ്യാര്‍ത്ഥി സംഘടനകള്‍ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ആര്‍എസ്എസിനെതിരായ ശക്തമായ മുദ്രാവാക്യങ്ങളുമായാണ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ സെമിനാര്‍ ഹാളിന് മുന്നില്‍ അണി നിരന്നിരിക്കുന്നത്. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തടയാന്‍ കനത്ത പൊലീസ് സന്നാഹമാണ് സര്‍വകലാശാലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സര്‍വകലാശാലയിലെ ഭാഷാ വിഭാഗത്തിന്റെ കൂടി നേതൃത്വത്തില്‍ കേന്ദ്ര സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന സെമിനാറില്‍ അതേ ഡിപ്പാര്‍ട്ട്മെന്റിലെ വിദ്യാര്‍ത്ഥികളെ പോലും കടത്തി വിടുന്നില്ലെന്നാണ് പരാതി. എബിവിപിയുടെയും ആര്‍എസ്എസിന്റെയും നേതാക്കള്‍ക്ക് മാത്രമായി നടത്തുന്ന സെമിനാറാണ് നടക്കുന്നതെന്നും സര്‍വകലാശാലയെ പൂര്‍ണമായും കാവിവല്‍ക്കരിക്കാനുള്ള നടപടിയാണ് ഇതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

സര്‍വകലാശാലയിലെ പ്രസ്തുത ഡിപ്പാര്‍ടിമെന്റുകളിലെ റെഗുലര്‍ ക്ലാസുകള്‍ ഒഴിവാക്കി മുഴുവന്‍ വിദ്യാര്‍ത്ഥികളും സെമിനാറില്‍ പങ്കെടുക്കണമെന്നായിരുന്നു സര്‍വകലാശാലയുടെ നിര്‍ദ്ദേശം. എന്നാല്‍ ഡെലിഗേറ്റുകളായ വിദ്യാര്‍ത്ഥികളെ പോലും നിലവില്‍ സെമിനാര്‍ ഹാളിനുള്ളില്‍ കടത്തി വിടാതെ പൊലീസ് തടയുകയാണ്.

ഡെലിഗേറ്റ് ഐഡി കാര്‍ഡ് കാണിച്ച വിദ്യാര്‍ത്ഥികളോട് പോലും വിസിയുടെ നിര്‍ദ്ദേശ പ്രകാരം കടത്തിവിടാന്‍ ആകില്ലെന്ന് പൊലീസ് പറഞ്ഞു. ഇതിനിടയില്‍ സെമിനാറിനായി എത്തിയ ആര്‍എസ്എസ് സൈദ്ധാന്തികന്‍ ജെ നന്ദകുമാറിനെ പൊലീസ് സംരക്ഷണയില്‍ സെമിനാര്‍ ഹളിനുള്ളില്‍ എത്തിച്ചു. വന്ദേമാതരം പൂര്‍ണമായി ആലപിച്ചായിരുന്നു സെമിനാറിന് തുടക്കമായത്. വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചയ്‌ക്കെത്തിയ സ്റ്റുഡന്റ്‌സ് ഡീന് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങളില്‍ വിശദീകരകണമോ ഉത്തരമോ നല്‍കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *