തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അനാസ്ഥയില്‍ രോഗിക്ക് ജീവന്‍ നഷ്ടമായെന്ന് പരാതി. കൊല്ലം പന്മന സ്വദേശി വേണുവിന് അടിയന്തര ആന്‍ജിയോഗ്രാമിന് നിര്‍ദേശിച്ചിട്ടും ആറ് ദിവസമായിട്ടും പരിശോധന നടത്തിയില്ല. ഇന്നലെ രാത്രി ഹൃദയാഘാതത്തെ തുടര്‍ന്നാണ് വേണു മരിച്ചത്. മെഡിക്കല്‍ കോളേജിലെ അനാസ്ഥ വെളിവാക്കുന്ന വേണുവിന്റെ ശബ്ദസന്ദേശം പറത്തുവന്നിരുന്നു. മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഓട്ടോ ഡ്രൈവറായ വേണു സുഹൃത്തിനോട് സംസാരിക്കുന്നതാണിത്.

വെള്ളിയാഴ്ച രാത്രി ഞാന്‍ ഇവിടെ വന്നതാണ്. എമര്‍ജന്‍സി ആന്‍ജിയോഗ്രാം ചെയ്യുന്നതിന് വേണ്ടി. ശനി, ഞായര്‍, തിങ്കള്‍, ചൊവ്വ.. ഇന്നേക്ക് ആറ് ദിവസം തികയുന്നു. എമര്‍ജന്‍സിയായി തിരുവനന്തപുരത്തേക്ക് പറഞ്ഞുവിട്ട ഒരു രോഗിയാണ് ഞാന്‍. ഇവര്‍ എന്റെ പേരില്‍ കാണിക്കുന്ന ഈ ഉദാസീനതയു കാര്യപ്രാപ്തിയില്ലായ്മയും എന്താണെന്ന് മനസിലാകുന്നില്ല. ചികിത്സ എപ്പോള്‍ നടക്കുമെന്ന് റൗണ്ട്‌സിന് പരിശോധിക്കാന്‍ വന്ന ഡോക്ടറോട് പലതവണ ചോദിച്ചു. അവര്‍ക്ക് അതിനെ കുറിച്ച് യാതൊരു ഐഡിയയുമില്ല.

രണ്ടുപേര് ഇവിടെ നിക്കണമെങ്കില്‍ പ്രതിദിനം രൂപ എത്ര രൂപ ചിലവാകുമെന്ന് അറിയാമോ? സാധാരണക്കാരുടെ ഏറ്റവും വലിയ ആശയവും ആശ്രയവും ആയിരിക്കേണ്ട ഈ സര്‍ക്കാര്‍ ആതുരാലയം വെറും വിഴിപ്പ് കെട്ടുകളുടെ അല്ലെങ്കില്‍ ശാപങ്ങളുടെ പറുദീസയായി മാറിക്കൊണ്ടിരിക്കുകയാണ്. ഓരോ ജീവന്റെയും ശാപം നിറഞ്ഞിരിക്കുന്ന ഒരു നരക ഭൂമി എന്ന്തന്നെ വേണം തിരുവനന്തപുരം മെഡിക്കല്‍ കോളജിനെ കുറിച്ച് പറയാന്‍. ഇവരുടെ ഈ അലംഭാവം കൊണ്ട് എന്റെ ജീവന് എന്തെങ്കിലും ഒരു ഭീഷണിയോ ആപത്തോ സംഭവിച്ചാല്‍ പുറം ലോകത്തെ അറിയിക്കണം – വേണു പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *