തിരുവല്ല കവിത കൊലക്കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. പ്രതി അഞ്ച് ലക്ഷം രൂപ പിഴയൊടുക്കണമെന്നും പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി വിധിച്ചു. പ്രണയം നിരസിച്ചതിനാണ് നടുറോഡില്‍ വച്ച് പ്രതി അജിന്‍ റെജി മാത്യു യുവതിയെ കൊലപ്പെടുത്തിയത്.

പ്രതിയായ അജിന്‍ റെജി മാത്യു കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം വിധിച്ചിരുന്നു. തടഞ്ഞുവെക്കല്‍, കൊലപാതകം എന്നിവ തെളിഞ്ഞെന്നാണ് കോടതി വിധിച്ചത്. പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്നാണ് കവിതയുടെ കുടുംബത്തിന്റെ ആവശ്യം.

2019 മാര്‍ച്ച് 12നായിരുന്നു കേസിനാസ്പദമായ സംഭവം. സഹപാഠിയായിരുന്ന പത്തനംതിട്ട അയിരൂര്‍ സ്വദേശിനി കവിത പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയതാണ് തിരുവല്ല കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യുവിനെ പ്രകോപിപ്പിച്ചത്. തിരുവല്ലയില്‍ വെച്ച് കവിതയെ വഴിയില്‍ തടഞ്ഞുനിര്‍ത്തിയ അജിന്‍, കയ്യില്‍ കരുതിയ കത്തികൊണ്ട് കുത്തി. പിന്നാലെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. 70 ശതമാനത്തില്‍ അധികം പൊള്ളലേറ്റ പെണ്‍കുട്ടി, രണ്ടുനാള്‍ നീണ്ട ചികിത്സയ്‌ക്കൊടുവില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു.

നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. പെണ്‍കുട്ടിയുടെ മരണമൊഴിയും സാഹചര്യ തെളിവകളുമടക്കം കേസില്‍ നിര്‍ണ്ണായകമായി.

Leave a Reply

Your email address will not be published. Required fields are marked *