തൃശ്ശൂർ: കോൺഗ്രസിനെ ഇറ്റലിയിലേക്ക് അയയ്ക്കുകയല്ല, അറബിക്കടലിൽ എറിയുകയാണ് വേണ്ടതെന്ന വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശ്ശൂരിൽ ബി.ജെ.പിയുടെ മൂന്ന് ജില്ലാ കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച ജനാധിപത്യസംരക്ഷണ പദയാത്രയുടെ സമാപനത്തോടനുബന്ധിച്ചുള്ള ജനാധിപത്യസംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിപാടിയിൽ ആദ്യം പ്രസംഗിച്ച ബി.ജെ.പി. ദേശീയനേതാവ് എം.എ. വെങ്കിടേശന്റെ പരാമർശങ്ങൾ പിന്തുടർന്നാണ് സുരേഷ് ഗോപി കോൺഗ്രസിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചത്. ബ്രിട്ടീഷുകാരുടെ വ്യാജസന്തതിയായ കോൺഗ്രസിനെ ഇറ്റലിയിലേക്കും ചൈനയുടെ വ്യാജസന്തതിയായ കമ്യൂണിസ്റ്റുകാരെ ചൈനയിലേക്കും അയയ്ക്കണമെന്നായിരുന്നു വെങ്കിടേശന്റെ പ്രസംഗം.

എഫ്.സി.ആർ.എ. ബിൽ, 33 ശതമാനം വനിതാ സംവരണം, മണ്ഡല പുനർനിർണയം, ഏകീകൃത സിവിൽ കോഡ് തുടങ്ങിയ വിഷയങ്ങളിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് എസ്.ഐ.ആർ. ഉയർത്തി പ്രക്ഷോഭം നടത്തുന്നതെന്ന് സുരേഷ് ഗോപി ആരോപിച്ചു. വർഷകാല സമ്മേളനത്തിൽ എഫ്.സി.ആർ.എ. ബിൽ പാസാക്കേണ്ടതായിരുന്നുവെന്നും അതിനിടയിലാണ് നീറ്റിന്റെ പേരിൽ യുവാക്കളെ പ്രക്ഷോഭത്തിനിറക്കിയതെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് നിയമത്തിനെതിരെ ബി.ജെ.പി. ഇതര നിയമസഭകളെല്ലാം പ്രമേയം പാസാക്കിയെന്നും മുത്തലാഖ് നിരോധന നിയമം വന്നപ്പോഴും പ്രതിപക്ഷം എതിർത്തുവെന്നും സുരേഷ് ഗോപി ആരോപിച്ചു. മുത്തലാഖ് കേസിൽ ആറുവർഷത്തെ ശിക്ഷയാണ് എതിർപ്പിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. തെറ്റ് ചെയ്താലും മുത്തലാഖ് തുടരുമെന്നും എന്നാൽ ശിക്ഷിക്കരുതെന്നും പറയുന്നത് എന്തുതരം വ്യവസ്ഥയാണെന്നും അദ്ദേഹം ചോദിച്ചു. ബി.ജെ.പി. തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷനായ ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.കെ. അനീഷ്‌കുമാർ, ബി. ഗോപാലകൃഷ്ണൻ, മുൻ സംസ്ഥാന പ്രസിഡന്റ് കെ.വി. ശ്രീധരൻ, ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *