മുൻ എംഎൽഎ കെകെ രാമചന്ദ്രൻ നായരുടെ മകന് ആശ്രിത നിയമനം നൽകിയതിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.ഇത്തരം തീരുമാനങ്ങൾ വ്യാപകമായുള്ള പിൻവാതിൽ നിയമനത്തിന് കാരണമാകുമെന്ന് കോടതി പറഞ്ഞു.ജനപ്രതിനിധികളുടെ മക്കൾക്കും ബന്ധുക്കൾക്കും ആശ്രിത നിയമനം നൽകുന്നത് പഞ്ചായത്ത് പ്രസിഡന്റിന്റെ മക്കളെ വരെ സർക്കാർ ജോലികളിൽ നിയമിക്കുന്നതിലേയ്ക്കു കാര്യങ്ങളെ കൊണ്ടെത്തിക്കും എന്നു ഹൈക്കോടതി പറഞ്ഞു . നിയമനം അംഗീകരിച്ചാൽ സർക്കാരിനെ കയറൂരി വിടുന്നതിന് തുല്യമാകുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ആശ്രിത നിയമനം റദ്ദാക്കിയുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമർശം.യോഗ്യതയുളളവർ പുറത്തു കാത്തു നിൽക്കുമ്പോൾ പിൻവാതിലിലൂടെ ചിലർ നിയമിക്കപ്പെടുന്നത് സാമൂഹിക വിവേചനത്തിന് ഇടയാക്കുമെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ മരണപെട്ടാല്‍ അവരുടെ കുടുംബത്തിന് സഹായം നല്‍കാനാണ് ആശ്രിത നിയമനം. എംഎല്‍എമാരുടെ മക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ഇത്തരം നിയമനം നല്‍കാന്‍ കേരള സര്‍വീസ് ചട്ടം അനുവദിക്കുന്നില്ലെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കുന്നു.
