കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരെ കയറ്റാൻ അനുവദിക്കണമെന്ന ഹർജി
ഹൈക്കോടതി തള്ളി. നെടുമ്പാശ്ശേരി വില്ലേജിലെ ഓട്ടോ ഡ്രൈവർമാരായ പി.കെ രതീഷ്, കെ.എം രതീഷ്എന്നിവർ സമർപ്പിച്ച ഹർജിയാണ് തള്ളിയത്. പൊതുതാത്പര്യവും സുരക്ഷയും കണക്കിലെടുത്ത് നിയന്ത്രണം
ഏർപ്പെടുത്താൻ സിയാലിന് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.

സിയാൽ പരിസരത്ത് ടാക്‌സി കാറുകൾ അനുവദിക്കുന്നുണ്ടെങ്കിലും ഓട്ടോറിക്ഷകളിൽ യാത്രക്കാരെ കയറ്റാൻ അനുവദിച്ചിരുന്നില്ല. ഇതിനെതുടർന്നാണ് തങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി ഓട്ടോ ഡ്രൈവർമാർ കോടതിയിൽ ഹർജി സമർപ്പിച്ചത്. ഹർജി പരിഗണിച്ച ജസ്റ്റിസ് അനു ശിവരാമൻ എയർപോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ നിയമവും ചട്ടവും അനുസരിച്ച് വിമാനത്താവളങ്ങളും പരിസരവും നിയന്ത്രിത മേഖലയാണെന്ന് ചൂണ്ടിക്കാണിച്ച് ഹർജി തളളുകയായിരുന്നു.

വിമാനത്താവളത്തിൽ ഓട്ടോറിക്ഷ സർവ്വീസ് നടത്താൻ അനുവദിക്കാത്തത് തൊഴിൽ അവകാശ ലംഘനമാണെന്ന ഹർജിക്കാരുടെ വാദം നിലനിൽക്കില്ലെന്നും അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *