പാലക്കാട്: ജമ്മു കശ്മീരില്‍ വാഹനാപകടത്തില്‍ മരിച്ച നാല് മലയാളികളുടെയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. പാലക്കാട് സ്വദേശികളായ സുധീഷ്, അനില്‍, രാഹുല്‍, വിഘ്‌നേഷ് എന്നിവരാണ് കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ മരിച്ചത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന രാജേഷ്, അരുണ്‍, മനോജ് എന്നിവര്‍ പരുക്കേറ്റ് ആശുപത്രിയില്‍ തുടരുന്നു. ഇവരില്‍ മനോജിന്റെ നില ഗുരുതരമാണ്. മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കാനും, പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പുവരുത്താനും സര്‍ക്കാര്‍ തലത്തില്‍ ജമ്മുകശ്മീര്‍ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്. എഐഎംഎ അടക്കമുള്ള മലയാളി സംഘടനകളും സഹായം ഉറപ്പാക്കാന്‍ രംഗത്തുണ്ട്.
ശ്രീനഗര്‍ ലേ ദേശീയപാതയില്‍ വച്ചു ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം നഷ്ടപ്പെട്ടു മലയിടുക്കിലേക്ക് മറിഞ്ഞായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട വാഹനത്തില്‍ എട്ടുപേരാണ് യാത്ര ചെയ്തിരുന്നത്. ഡ്രൈവര്‍ ഒഴികെ ഏഴുപേരും മലയാളികളായിരുന്നു. റോഡില്‍ നിന്നും ഏറെ താഴെയുള്ള കൊക്കയിലേക്കാണ് വാഹനം മറിഞ്ഞത്.
