മലപ്പുറം: വസ്തുത മറച്ചുവെച്ച് വാര്‍ത്ത നല്കിയ ഏഷ്യാനെറ്റ് ന്യൂസിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് പി വി അന്‍വര്‍ എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. താന്‍ എവിടെയും ഭൂമി കയ്യേറിയിട്ടില്ലെന്നും അധികഭൂമിയുണ്ടെന്ന താമരശേരി ലാന്‍ഡ് ബോര്‍ഡിന്റെ ഉത്തരവിനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോവുമ്പോള്‍ ഏഷ്യാനെറ്റ് ഇല്ലാത്തകഥകള്‍ പ്രചരിപ്പിക്കുകയാണ്. താമരശേരി ലാന്‍ഡ് ബോര്‍ഡിന്റെ വിധി ഹൈക്കോടതി സ്റ്റേ ചെയ്തത് ഏഷ്യാനെറ്റ് മറച്ചുവെച്ചു.ആറ് ഏക്കറോളം അധികഭൂമിയുണ്ടെന്നും ഏറ്റെടുക്കണമെന്നുമാണ് താമരശേരി ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടത്. 200 ലേറെ ഏക്കര്‍ ഭൂമി അധികമുണ്ടെന്നതില്‍ നിന്നാണ് ഇപ്പോള്‍ ആറിലേയ്ക്ക് എത്തിയത്. കക്ഷി എന്ന നിലയ്ക്ക് ഞാനും കുടുംബവും നല്കിയ വിശദീകരണം കണക്കിലെടുക്കാതെയാണ് ലാന്റ് ബോര്‍ഡില്‍ നിന്ന് വിധി വന്നത്.
ഒരു പൗരനെന്ന നിലയില്‍ താന്‍ ഹൈക്കോടതിയെ സമീപിച്ചു. താമരശേരി ലാന്‍ഡ് ബോര്‍ഡിന്റെ എല്ലാ നടപടികളും ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തു. ഭൂമി ഏറ്റെടുക്കല്‍ നടപടിയും സ്റ്റേ ചെയ്തു. എന്റെ ഭാഗത്തുനിന്ന് ഉന്നയിച്ച വാദങ്ങള്‍കൂടി പരിശോധിച്ച ശേഷം കേസിന്റെ മെറിറ്റിലേക്ക് കടക്കാനാണ് സ്റ്റേ ചെയ്തിരിക്കുന്നത്. ഇതെല്ലാം ഏഷ്യാനെറ്റ് മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും മുഖ്യമന്ത്രി അടക്കം എംഎല്‍എയെ സഹായിക്കുന്ന നിലപാടാണ് എന്ന രീതിയിലാണ് വാര്‍ത്ത നല്‍കിയത്.
തനിക്കെതിരെ പരാതി നല്കിയ പൗരാവകാശ പ്രവര്‍ത്തകനെന്ന് വാദിക്കുന്ന കെ വി ഷാജി ഏഷ്യാനെറ്റ് ന്യൂസ് ചെലവ് കൊടുത്ത് കൊണ്ടുനടക്കുകയാണ്. പോക്സോ കേസില്‍ ഏഷ്യാനെറ്റ് ന്യൂസ് റെയ്ഡ് ചെയ്യാന്‍ കോടതി ഉത്തരവിട്ടിരിക്കുകയാണ്. ഇതിന്റെ പ്രതികാരം തന്നോട് തീര്‍ക്കുകയാണെന്നും പി വി അന്‍വര്‍ പറഞ്ഞു.
