ഭരണഘടനയുടെ ശില്‍പിയും മര്‍ദിതവര്‍ഗ വിമോചകനുമായ ഡോ. ബാബാസാഹിബ് അംബേദ്കറുടെ 68-ാം ഓര്‍മദിനമാണിന്ന്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കായി ജാതിവ്യവസ്ഥക്കും തൊടുകൂടായ്മക്കുമെതിരെ സമരം നയിച്ച അംബേദ്കറുടെ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്.

രാജ്യം കണ്ട മികച്ച പാര്‍ലമെന്റേറിയന്‍, രാജ്യത്തിന് ഭരണഘടനയും ദിശാബോധവും ഒരുക്കിയ ഉരുക്കുമനുഷ്യന്‍. ഡോ. ഭീം റാവു അംബേദ്കറുടെ ഓര്‍മദിനം. എല്ലാ മനുഷ്യരും തുല്യരാണെന്നും ജനങ്ങളുടെ സാംസ്‌കാരിക വൈവിധ്യങ്ങളെ ഏറ്റക്കുറച്ചിലുകളില്ലാതെ പരിഗണിക്കണമെന്നും പാര്‍ലമെന്റില്‍ ശബ്ദിച്ചയാള്‍. ധീക്ഷണശാലി, സാമൂഹിക വിപ്ലവകാരി, അവകാശത്തിനായി സദാ സമയം തെരുവിലിറങ്ങിയ വിപ്ലവ പോരാളി…

ജീവിതത്തിലാദ്യമായി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടിക്ക് ഇന്‍ഡിപ്പെന്‍ഡന്റ് ലേബര്‍ പാര്‍ട്ടി എന്ന് പേരിട്ട് ചെങ്കൊടി ഉയര്‍ത്തിപിടിച്ചു. എട്ടു മണിക്കൂര്‍ തൊഴില്‍ എന്ന ചിക്കാഗോ മുദ്രാവാക്യം ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സില്‍ ശക്തമായി അവതരിപ്പിച്ചു.

മനുഷ്യത്വവിരുദ്ധമായ ജാതിവ്യവസ്ഥ നിലനില്‍ക്കുന്ന സമൂഹത്തെ മതനിരപേക്ഷതയിലേക്കും ജനാധിപത്യത്തിലേക്കും കരംപിടിച്ചുയര്‍ത്തി അംബേദ്കറുടെ പ്രധാന മേന്മ. അതേ ജാതിക്കെതിരായ കലഹം മര്‍ദ്ദിതവര്‍ഗത്തെ സംഘടിപ്പിച്ച് കൊണ്ട് തെരുവിലണിനിരത്തി. തുല്യതയും ജനാധിപത്യവും തുന്നിച്ചേര്‍ത്ത് ഒരു ഭരണഘടനയൊരുക്കി.

ഗാന്ധിയുടെ ഉപ്പ് സത്യാഗ്രഹത്തിന് മൂന്ന് വര്‍ഷം മുമ്പ് മഹാരാഷ്ട്രയില്‍ സവര്‍ണ പ്രമാണിമാര്‍ വിലക്കിയ വെള്ളം കുടിച്ച് അംബേദ്കറും കൂട്ടരും ചരിത്രം സൃഷ്ടിച്ചു. ഞങ്ങള്‍ ഇവിടെ വെറുതെ വെള്ളം കുടിക്കാന്‍ മാത്രം വന്നതല്ല, എല്ലാ മനുഷ്യരേയും പോലെയാണ് ഞങ്ങളെന്ന് കാണിച്ച് കൊടുക്കാന്‍ വേണ്ടി തന്നെ വന്നതാണ് എന്നായിരുന്നു അംബേദ്കറുടെ പ്രഖ്യാപനം. അധസ്ഥിതര്‍ക്ക് വേണ്ടി ബാല്യകാലം മുതലേ തുടങ്ങിയ പോരാട്ടം അവസാനം വരേ തുടര്‍ന്നു.

മിശ്രവിവാഹവും , പന്തിഭോജനവും പ്രോല്‍സാഹിപ്പിച്ച അംബേദ്കര്‍, ദലിത് അവകാശ സംരക്ഷണത്തിനായി നിരവധി ആനുകാലികങ്ങള്‍ ആരംഭിച്ചു. പൊതുകുളത്തില്‍ നിന്നും ദളിതര്‍ക്ക് കുടി വെള്ളം ശേഖരിക്കുന്നതിനുവേണ്ടി നടത്തിയ മഹദ്‌സത്യഗ്രഹം അംബേദ്കറുടെ ജീവിതത്തിലെ സുപ്രധാനമായ ഏടാണ്. ഭാരതത്തിന്റെ ആദ്യ നിയമമന്ത്രിയായി ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ച അംബേദ്കറെ രാജ്യം ഭാരത് രത്‌ന നല്കി ആദരിച്ചിട്ടുണ്ട്. അന്പത്തിയാറു വര്ഷം മാത്രം നീണ്ട ജീവിതം കൊണ്ട് രാജ്യത്തിന് പ്രചോദനമായ ഡോ. ബി ആര്‍.അംബേദ്കറിന്റെ ഓര്‍മകള്‍ക്ക് പ്രണാമം.

Leave a Reply

Your email address will not be published. Required fields are marked *