ചാലക്കുടി ചിറങ്ങര റെയില്‍വേ മേല്‍പ്പാലം ശനിയാഴ്ച്ച മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിക്കും. നാട്ടുകാരുടെ ഏറെക്കാലത്തെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. മേല്‍പ്പാലത്തിന്റെ പെയിന്റിങ്, കൈവരികളിൽ വിളക്കുകൾ സ്ഥാപിക്കുന്നത് തുടങ്ങി അവസാനഘട്ട പണികളും പൂര്‍ത്തിയാക്കിയാണ് ഉദ്ഘാടനം നടത്തുന്നത്. സോളാര്‍ പാനലുകൾ ഘടിപ്പിച്ച വിളക്കുകളാണ് സ്ഥാപിച്ചിരിക്കുന്നത്. സര്‍വ്വീസ് റോഡുകളിലേക്കുള്ള ലൈറ്റുകള്‍ സ്ഥാപിക്കല്‍, സെന്‍ട്രല്‍ സ്പാനിന്റെ പെയിന്റിങ് എന്നിവയും പൂർത്തിയാക്കി.പാലത്തിന്റെ അടിഭാഗത്ത് വാഹന പാര്‍ക്കിങ് സൗകര്യവും ഓപ്പണ്‍ ജിമ്മും ഒരുക്കാന്‍ പദ്ധതിയുണ്ട്. ചെന്നെ ആസ്ഥാനമായ കമ്പനിക്കാണ് പാലത്തിന്റെ നിര്‍മ്മാണ ചുമതല. 2021 ജനുവരിയിലാണ് റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. 298 മീറ്റര്‍ നീളമുള്ള പാലത്തിന് 22.61 കോടി രൂപയാണ് ചിലവ് വന്നത്. പാലം പണിക്ക് കിഫ്ബി ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. പാലത്തിന്റെ ഇരുവശങ്ങളിലെയും നിര്‍മ്മാണം നേരത്തെ പൂര്‍ത്തീകരിച്ചിരുന്നെങ്കിലും റെയില്‍വേ പാളത്തിന് മുകളിലെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരുന്നില്ല. റെയില്‍വേയുടെ ഭാഗത്ത് നിന്നുണ്ടായ കാലതാമസമാണ് നിര്‍മ്മാണം വൈകാന്‍ കാരണമായത്. ‘റെയില്‍വേ ക്രോസില്ലാത്ത കേരളം’ പദ്ധതി പ്രകാരം പണി പൂര്‍ത്തിയാകുന്ന രണ്ടാമത്തെ റെയില്‍വേ മേല്‍പ്പാലമാണ് ചിറങ്ങരയിലേത്. മേല്‍പ്പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ ചിറങ്ങരയില്‍ നിന്നും മാള, കൊടുങ്ങല്ലൂര്‍, അന്നമനട, കാടുകുറ്റി ഭാഗത്തേക്ക് എളുപ്പത്തില്‍ എത്താനാകും.ഇതോടെ ദേശീയപാതയിൽ സ്ഥിതി ചെയ്യുന്ന കൊരട്ടി ജങ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.

Leave a Reply

Your email address will not be published. Required fields are marked *