പാലക്കാട് ജില്ലയിലെ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വളപ്പിൽ നിന്നും കഞ്ചാവ് ചെടി കണ്ടെത്തി. തിരുവേഗപ്പുറയിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തോട് ചേർന്നാണ് ഈ ചെടി നട്ടുവളർത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എക്സൈസ് അധികൃതർ സ്ഥലത്തെത്തി ചെടി നശിപ്പിച്ചു. പട്ടാമ്പി ബ്ലോക്കിന് കീഴിൽ പ്രവർത്തിക്കുന്ന മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുൻവശത്തുനിന്നാണ് ഈ കഞ്ചാവ് ചെടി കണ്ടെടുത്തത്.

പിഴുതെടുത്ത കഞ്ചാവ് ചെടിക്ക് ഏകദേശം 29 സെന്റീമീറ്ററോളം നീളമുണ്ടായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം, ഈ ചെടി ഇവിടെ നട്ടുവളർത്തിയത് ആരാണെന്നതിനെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല. പട്ടാമ്പി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എച്ച്. വിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് ചെടി കണ്ടെത്തിയതും നശിപ്പിച്ചതും. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സൽമാൻ റസാലി പി.കെ., കെ.ഒ. പ്രസന്നൻ, സിവിൽ എക്സൈസ് ഓഫീസർമാരായ നന്ദു, അനൂപ് രാജ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *