മെഡിക്കല്‍ കോളേജില്‍ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ നീതുവിന്റെ ആണ്‍സുഹൃത്ത് ഇബ്രാഹിം ബാദുഷയ്ക്ക് പങ്കില്ലെന്ന് പോലീസ്. പ്രതിയായ നീതുവിന് മാത്രമാണ് പങ്കെന്ന് എസ്.പി ഡി. ശിൽപ അറിയിച്ചു. ജനുവരി നാലാം തീയതി നീതു കോട്ടയത്ത് എത്തിയിരുന്നു. ഇവിടെ ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തത്. ആശുപത്രിയില്‍നിന്ന് കടത്തിയ കുട്ടിയെ ലോഡ്ജില്‍ എത്തിച്ചശേഷം ചിത്രമെടുത്ത് ഇബ്രാഹിമിന് അയച്ചുകൊടുക്കുകയും ചെയ്തു.വിവാഹിതയായ നീതു സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവാവുമായി ഒന്നര വർഷത്തിലേറെയായി സൗഹൃദത്തിലാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇയാളിൽ നിന്നും നീതു ​ഗർഭം ധരിച്ചെങ്കിലും പിന്നീട് അബോർഷനായി. ഇതിനിടെ നീതുവിനെ ഒഴിവാക്കി യുവാവ് വേറെ വിവാഹം കഴിക്കാനുള്ള നീക്കങ്ങൾ തുടങ്ങിയതോടെ ഇയാളെ ഒപ്പം നിർത്താൻ വേണ്ടി ​ഗർഭം അലസിയ കാര്യം നീതു മറച്ചു വയ്ക്കുകയും തട്ടിയെടുത്ത കുഞ്ഞിനെ താൻ പ്രസവിച്ച കുഞ്ഞായി ചിത്രീകരിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് എസ്.പി പറഞ്ഞു.
തന്റെ കുട്ടിയായി വളര്‍ത്താന്‍ തന്നെയായിരുന്നു നീതുവിന്റെ പദ്ധതി. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഇബ്രാഹിമിനെ പ്രതിചേര്‍ത്തിട്ടില്ല.
പിടിയിലായ ഇബ്രാഹിം ബാദുഷയും നീതുവും തമ്മില്‍ ഏറെ നാളായി അടുപ്പത്തിലായിരുന്നു. ഇരുവരും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നവരാണ്. പിന്നീട് സ്വന്തമായി സ്ഥാപനം തുടങ്ങി. ഇബ്രാഹിം സ്വര്‍ണവും പണവും തട്ടിയെടുത്തെന്നാണ് നീതു പറഞ്ഞത്. പണവും സ്വര്‍ണവും തിരികെ വാങ്ങാനാണ് ഇബ്രാഹിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചതെന്നും നീതു പറയുന്നു.
ഡോക്ടറുടെ കോട്ട് ഉള്‍പ്പെടെ നീതു സ്വന്തമായി വാങ്ങിയതാണെന്നും എസ്.പി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *