സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ 945 പോയിന്‍റുമായി കോഴിക്കോടിന് കിരീടം.925 പോയിന്റ് വീതം നേടി കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനം പങ്കിട്ടു. 915 പോയിന്‍റുമായി തൃശൂര്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഇത് ഇരുപതാം തവണയാണ് കോഴിക്കോട് കലാകിരീടം സ്വന്തമാക്കുന്നത്.ഹൈസ്കൂള്‍ വിഭാഗത്തില്‍ പാലക്കാട് ബിഎസ്എസ് ഗുരുകുലം സ്കൂള്‍ 90 പോയിന്‍റോടെ ഒന്നാമതെത്തി. 71 പോയിന്‍റ് നേടിയ കാഞ്ഞങ്ങാട് ദുര്‍ഗാ എച്ച് എസ് എസിനാണ് ഹയര്‍ സെക്കന്‍ററിയിലെ ഒന്നാം സ്ഥാനം. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. സംസ്‌കാരസമ്പന്നമായ തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യംകൂടി കലോത്സവത്തിനുണ്ടെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് വി.ഡി.സതീശന്‍ പറഞ്ഞു. കലോത്സവവേദിയില്‍നിന്നു മടങ്ങുമ്പോള്‍ അഭിമാനമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും മികച്ച കലോത്സവത്തില്‍ ഒന്നാണിത്. ജനപങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും മികവ് പുലര്‍ത്തി. അടുത്ത വര്‍ഷം ഭക്ഷണ വൈവിധ്യം പ്രോത്സാഹിപ്പിക്കും. ഇത്തവണ കോഴിക്കോടന്‍ ബിരിയാണി വിളമ്പണമെന്ന് ആഗ്രഹിച്ചിരുന്നു. അടുത്തവര്‍ഷം നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ നല്‍കും. ഗോത്രകലകളെ കലോത്സവത്തില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണയിലാണെന്നും കലോത്സവ മാന്വല്‍ കാലോചിതമായി പരിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമയബന്ധിതമായി പരിപാടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതാണ് വിജയമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. ചടങ്ങില്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കലോത്സവം സുവനീര്‍ മേയര്‍ ബീന ഫിലിപ്പിന് നല്‍കി മന്ത്രി ആന്റണി രാജു പ്രകാശനം ചെയ്തു. സംഘടക മികവ് കൊണ്ടും സമയകൃത്യത കൊണ്ടും ശ്രദ്ധേയമായ കലോത്സവമാണ് നടന്നത്. എല്ലാ പിന്തുണയും നല്‍കിയ കോഴിക്കോടന്‍ ജനതക്ക് അഭിവാദ്യങ്ങൾ. ഇത്ര ഭംഗിയായി കലോത്സവം നടക്കുന്നത് കേരളത്തില്‍ മാത്രമാണെന്ന് ഗായിക കെ.എസ്. ചിത്ര പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *