ബംഗളൂരു: മോദിക്ക് ലയണൽ മെസ്സിയുടെ ജഴ്‌സി സമ്മാനമായി നൽകി അർജന്റീന. ഖത്തർ ലോകകപ്പിലെ വിജയത്തിന്റെ ഓർമകൾ പുതുക്കിയാണ് മോദിക്ക് മെസ്സിയുടെ ടി ഷർട്ട് ലഭിച്ചത്. അർജന്റൈൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയായ വൈപിഎഫ് മേധാവി പാബ്ലോ ഗോൺസാലസ് ആണ് മെസ്സിയുടെ ജഴ്‌സി സമ്മാനിച്ചത്. ബംഗളൂരുവിൽ നടക്കുന്ന ഇന്ത്യ എനർജി വാരാഘോഷ ചടങ്ങിലായിരുന്നു ടി ഷർട് നൽകിയത്.

ഖത്തർ ലോകകപ്പിൽ ജേതാക്കളായ അർജന്റീനയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നായി ഇത് വാഴ്ത്തപ്പെടുമെന്നും അർജന്റീനയിലെയും ഇന്ത്യയിലെയും ദശലക്ഷക്കണക്കിന് ആരാധകർ ഈ മഹത്തായ വിജയത്തിൽ ആഹ്ലാദിക്കുന്നുണ്ടെന്നും മോദി പറഞ്ഞിരുന്നു.

മൂന്ന് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ശേഷം ഖത്തർ ലോകകപ്പിലൂടെ അർജന്റീന ലോക ചാമ്പ്യന്മാരായത്. ഈ ലോകകപ്പിൽ മാൻ ഓഫ് ദി മാച്ചും, മാൻ ഓഫ് ദി ടൂർണമെന്റും മെസ്സിയായിരുന്നു. ഗോൾഡൻ ബോളും മെസ്സി സ്വന്തമാക്കിയിരുന്നു. ലോകകപ്പ് ഫൈനലിൽ നേടിയ രണ്ട് ഗോളുകളടക്കം എഴ് ഗോളുകളാണ് മെസ്സി നേടിയത്. ഫുട്ബോൾ ലോകത്ത് സാധ്യമായതെല്ലാം വെട്ടിപ്പിടിച്ചിട്ടും ഒരു ലോകകിരീടമില്ല എന്ന വിമർശനത്തിന്റെ ആയുസ് ആണ് ഖത്തർ ലോകകപ്പിലൂടെ അവസാനിച്ചത്. പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് അർജന്റീന ലോകകപ്പ് കിരീടം ചൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *