നവകേരള തദ്ദേശകം-2022

08 – 03 – 22 ന് കോഴിക്കോട് ജില്ലയിൽ. ടൗൺ ഹാളിൽ രാവിലെ 10.30 മുതൽ. മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ മുഴുവൻ സമയം പങ്കാളിയാവും

ഗതാഗത നിയന്ത്രണം

ദേശീയപാത 66-ല്‍ രാമനാട്ടുകര, പൂവന്നൂര്‍ പള്ളിക്ക് സമീപം കലുങ്ക് നിര്‍മാണം നടക്കുന്നതിനാല്‍ മാര്‍ച്ച് 8 മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതു വരെ ഭാഗിക ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ദേശീയപാത വിഭാഗം എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.

മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ബീഡി തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗിരിജ നിര്‍വഹിച്ചു.

ചീഫ് മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ഹുസൈന്‍, ഡോ. രാമു, ജനറല്‍ മെഡിസിന്‍ വിഭാഗം. ഡോ ജോണ്‍ ബാബു, ഇ.എന്‍.ടി വിഭാഗം ഡോ. മുഹമ്മദ് ഇര്‍ഫാന്‍, കണ്ണ് രോഗവിഭാഗം ഡോ. ഷാദിയ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.രോഗികള്‍ക്ക് ആവശ്യമായ മരുന്നുകളും വിതരണം ചെയ്തു.

പ്രൊജക്ട് ഓഫിസർ താത്ക്കാലിക ഒഴിവ്
സൈനിക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം കെക്‌സ്‌കോൺ ഓഫീസിൽ പ്രോജക്ട് ഓഫീസറുടെ താത്ക്കാലിക ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. 57 വയസിൽ കവിയാത്തതും (01 ഏപ്രിൽ 2022ന്) ആർമി/ നേവി/ എയർഫോഴ്‌സ് ഇവയിലേതിലെങ്കിലും കുറഞ്ഞത് 15 വർഷത്തെ ജോലി പരിചയവും, ക്ലറിക്കൽ ആൻഡ് കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രോജക്ട് മാനേജ്‌മെന്റിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണന നൽകും. കരാർ അടിസ്ഥാനത്തിലാകും നിയമനം. എഴുത്തു പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലാകും നിയമനം നടത്തുക. 27,000 രൂപയാണ് വേതനം.
വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷകൾ വിലാസം, ഫോൺ നമ്പർ, യോഗ്യത തെളിയിക്കുന്ന/ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ‘Director, Sainik Welfare & MD KEXCON, Kerala State Ex-Servicemen Corporation, TC-25/ 838, Opp. Amritha Hotel, Thycaud, Thiruvananthapuram- 695014’ എന്ന വിലാസത്തിൽ മാർച്ച് 17ന് വൈകിട്ട് അഞ്ചിന് മുൻപ് ലഭിക്കണം

വനിതാ അധ്യാപകർക്ക് ഒഡെപെക് യു എ ഇ യിലേക്ക് അവസരം ഒരുക്കുന്നു
യു എ ഇ യിലെ പ്രമുഖ സി.ബി.എസ്.ഇ സ്‌കൂളിലേക്ക് പ്രൈമറി / കിന്റർ ഗാർട്ടൻ വിഭാഗങ്ങളിൽ നിയമനത്തിനായി ഒഡെപെക് വനിതാ അധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സി.ബി.എസ്.ഇ / ഐ.സി.എസ്.ഇ സ്‌കൂളിൽ ഒരു വർഷം പ്രവർത്തിപരിചയമുള്ളവർ ബയോഡേറ്റ, സർട്ടിഫിക്കേറ്റുകളുടെ പകർപ്പ് എന്നിവ സഹിതം glp@odepc.in എന്ന ഇമെയിലിൽ ഈ മാസം 10 നകം അപേക്ഷിക്കണം. വിശദവിവരങ്ങൾ www.odepc.kerala.gov.in എന്ന വെബ്‌സൈറ്റിലും 0471 – 2329440 / 41 / 42 / 43 / 45 എന്നീ ഫോൺ നമ്പറുകളിലും ലഭിക്കും.

യൂത്ത് ലീഡർഷിപ്പ് അക്കാദമിയുടെ പ്രിസം പദ്ധതിക്കു നാളെ (മാർച്ച് 09) തുടക്കം
കലാലയങ്ങളും തൊഴിലിടങ്ങളും കൂടുതൽ ഇൻക്ലൂസിവ് ആക്കുക എന്ന ലക്ഷ്യത്തോടെ കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമി ആരംഭിക്കുന്ന പ്രിസം പദ്ധതിയുടെ ഉദ്ഘാടനം നാളെ(മാർച്ച് 09) സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. രാവിലെ 11നു കാഞ്ഞിരംകുളം കുഞ്ഞുകൃഷ്ണൻ നാടാർ മെമ്മോറിയൽ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ നടക്കുന്ന ചടങ്ങിൽ എം. വിൻസന്റ് എം.എൽ.എ. അധ്യക്ഷത വഹിക്കും. പദ്ധതിയുടെ ഭാഗമായി കലാലയങ്ങളിൽ സ്ഥാപിക്കുന്ന ഇൻക്ലൂഷൻ സെല്ലിന്റെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും.
ശാരീരികവും മാനസികവുമായ ഭിന്നശേഷിമൂലവും പ്രശ്നങ്ങൾ മൂലവും മുഖ്യധാരയിൽനിന്നു മാറ്റിനിർത്തപ്പെടുന്ന വിദ്യാർഥികൾക്കു കോളജ് ക്യാംപസുകളിൽ അവരായി ജിവിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കൽ, ഇവരെ തൊഴിൽ ചെയ്യാൻ പ്രാപ്തരായി ക്യാംപസുകളിൽനിന്നു കോഴ്സ് പൂർത്തിയാക്കുന്നതിനുള്ള സാഹചര്യമൊരുക്കൽ, തൊഴിലിടങ്ങൾ കൂടുതൽ ഇൻക്ലൂസിവ് ആക്കുന്നതിനുള്ള ഇടപെടലുകൾ നടത്തൽ, ഇൻക്ലൂസിവ് സെല്ലിന്റെ ഭാഗമാകുന്ന വിദ്യാർഥികൾക്കു തൊഴിൽ ലഭ്യമാക്കൽ, നാട്ടിലെ സാധാരണ തൊഴിലിടങ്ങൾ ഇൻക്ലൂസിവ് ആക്കുകയും പരമ്പരാഗത തൊഴിൽ സംവിധാനത്തിൽനിന്നു മാറി ചിന്തിച്ച് ഈ വിഭാഗത്തിൽപ്പെടുന്നവർക്കു മികച്ച സാധ്യതകൾ ലഭ്യമാക്കൽ തുടങ്ങിയവയാണ് പ്രിസം പദ്ധതിയിലൂടെ അക്കാദമി ലക്ഷ്യമിടുന്നത്.

വനിതാ ദിനത്തിൽ 108 ആംബുലൻസ് ഓടിക്കാൻ ദീപമോളെത്തും
*സർക്കാർ ആംബുലൻസ് മേഖലയിലെ ആദ്യ വനിതാ ഡ്രൈവർ
അന്താരാഷ്ട്ര വനിതാ ദിനത്തിൽ സർക്കാർ ആംബുലൻസ് മേഖലയിലെ ആദ്യ ഡ്രൈവറായി കോട്ടയം മേമുറി പാലപ്പറമ്പിൽ വീട്ടിൽ ദീപമോൾ ചുമതലയേൽക്കും. സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലെ ആദ്യ വനിതാ ഡ്രൈവറായാണ് ദീപമോൾ ചുമതലയേൽക്കുന്നത്. നിലവിൽ രാജ്യത്ത് ട്രാവലർ ആംബുലൻസുകൾ ഓടിക്കുന്ന ചുരുക്കം വനിതകൾ മാത്രമാണുള്ളത്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച് 8 രാവിലെ 10.45ന് സെക്രട്ടറിയേറ്റ് അനക്സ് രണ്ടിന്റെ മുൻവശത്ത് വച്ച് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണ ജോർജ് ദീപമോൾക്ക് ആംബുലൻസിന്റെ താക്കോൽ കൈമാറും.
ദീപമോളെ പോലുള്ളവർ ആത്മവിശ്വാസത്തോടെ ഈ രംഗത്തേക്ക് വരുന്നത് മറ്റുള്ള സ്ത്രീകൾക്ക് കരുത്ത് പകരുന്നതാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആതുരസേവനത്തിനോടുള്ള താത്പര്യമാണ് ദീപമോളെ ഇപ്പോൾ കനിവ് 108 ആംബുലൻസസിന്റെ സാരഥിയാക്കിയിരിക്കുന്നത്. ആംബുലൻസ് ഡ്രൈവർ ആകണമെന്ന ആഗ്രഹം അറിയിച്ച ദീപമോൾക്ക് അതിനുള്ള അവസരം ഒരുക്കി നൽകുകയായിരുന്നു. ദീപമോൾക്ക് എല്ലാ ആശംസകളും മന്ത്രി നേർന്നു.

കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങൾക്ക് വിവിധ മത്സര പരീക്ഷാ പരിശീലനങ്ങൾക്ക് ധനസഹായം നൽകുന്നതിനായി നടപ്പാക്കി വരുന്ന പദ്ധതിയായ എംപ്ലോയബിലിറ്റി എൻഹാൻസ്‌മെന്റ് പ്രോഗ്രാം പദ്ധതിയുടെ ബാങ്കിംഗ് സർവീസ്, സിവിൽ സർവീസ്, UGC/ NET/ JRF, GATE/ MAT വിഭാഗങ്ങളുടെ കരട് ഗുണഭോക്തൃപട്ടികകൾ www.bcdd.kerala.gov.in, www.egrantz.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. പട്ടികകളിൽ ആക്ഷേപങ്ങളുണ്ടെങ്കിൽ ബന്ധപ്പെട്ട രേഖകൾ മാർച്ച് 14 നകം പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ബന്ധപ്പെട്ട മേഖലാ ഓഫീസുകളിൽ സമർപ്പിക്കണം

താത്കാലിക മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു
മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി സർജൻ തസ്തികയുടെ 31.05.2021 നിലവെച്ചുള്ള താൽക്കാലിക മുൻഗണനാ പട്ടിക വകുപ്പിലെ ഔദ്യോഗിക വെബ്‌സൈറ്റായ www.ahdkerala.gov.in ൽ പ്രസിദ്ധീകരിച്ചു. പട്ടിക സംബന്ധിച്ച് ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ ബന്ധപ്പെട്ട രേഖകൾ സഹിതം 30 ദിവസത്തിനകം മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്ക് ലഭ്യമാക്കണം. വൈകി ലഭിക്കുന്ന പരാതികൾ പരിഗണിക്കില്ല.

ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം

കേരളഷോപ്സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസാബ്ലിഷ്മെന്റ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, കോഴിക്കോട് ജില്ലാ ഓഫീസില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ മാര്‍ച്ച് 20നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുകയോ, ഓഫീസില്‍ നേരിട്ട് ഹാജരാകുകയോ ചെയ്യേണ്ടാതണെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0495 2372434

ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യല്‍ എസാബ്ലിഷ്‌മെന്റ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, കോഴിക്കോട് ജില്ലാ ഓഫീസില്‍ അംഗത്വം ലഭിച്ച തൊഴിലാളികളുടെ മക്കളില്‍ 2020-21 അദ്ധ്യയന വര്‍ഷത്തില്‍ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ 60 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് വാങ്ങി ഉന്നത വിജയം നേടിയവരില്‍ നിന്നും ക്യാഷ് അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് ലിസ്റ്റുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അനുബന്ധ രേഖകളും സഹിതം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി മാര്‍ച്ച് 31. ഫോണ്‍: 0495 2372434

Leave a Reply

Your email address will not be published. Required fields are marked *