കാസര്‍കോട്: ചൂരിയിലെ മദ്‌റസ അധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി (27)യെ വെട്ടിക്കൊന്ന കേസില്‍ വിധി പ്രസ്താവിക്കുന്നത് വീണ്ടും മാറ്റി. ഇന്ന് വിധി പറയുമെന്നായിരുന്നു കോടതി നേരത്തെ അറിയിച്ചിരുന്നത്. ഇത് മൗലവി കൊല്ലപ്പെട്ടതിന്റെ വാര്‍ഷിക ദിനമായ മാര്‍ച്ച് 20ലേക്കാണ് മാറ്റിയത്.

നേരത്തെ ഫെബ്രുവരി 29ന് വിധി പറയാനിരുന്നതായിരുന്നു. എന്നാല്‍, കേസ് പരിഗണിക്കുന്ന കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ. ബാലകൃഷ്ണന്‍ അവധിയിലായതിനാല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇതാണ് വീണ്ടും മാറ്റിയത്.

കൊലപാതകം നടന്ന് ഏഴുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് വിധി വരുന്നത്. 2017 മാര്‍ച്ച് 20ന് പുലര്‍ച്ചെ പഴയ ചൂരി പള്ളിയിലെ താമസസ്ഥലത്ത് കയറിയാണ് ആര്‍.എസ്.എസ് സംഘം റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കേസില്‍ കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ്, നിതിന്‍, അഖിലേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൃത്യം നടന്ന് മൂന്ന് ദിവസത്തിനകം തന്നെ പിടിയിലായ പ്രതികള്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ഏഴ് വര്‍ഷമായി ജയിലില്‍ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *