ബലാത്സംഗത്തിനിരയായി മരിച്ച 9 വയസുകാരിയുടെ കുടുംബത്തെ സന്ദർശിച്ച് പുതുച്ചേരി ലെഫ്റ്റനൻ്റ് ഗവർണർ തമിഴിസൈ സൗന്ദരരാജൻ. കുട്ടിയെ കാണാതായി മൂന്ന് ദിവസത്തിന് ശേഷം ചൊവ്വാഴ്‌ച താമസസ്ഥലത്തിന് സമീപമുള്ള അഴുക്കുചാലിൽ മൃതദേഹം അഴുകിയ നിലയിലായിരുന്നു കണ്ടെത്തിയത്. കുട്ടിയ്‌ക്ക് ആദരാഞ്ജലി അർപ്പിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്‌ത ഗവർണർ കേസിന്‍റെ വിചാരണയ്ക്കായി അതിവേഗ പ്രത്യേക കോടതി സ്ഥാപിക്കുമെന്നും കുറ്റവാളികൾക്ക് പരമാവധി ശിക്ഷ ലഭിക്കാൻ സർക്കാർ ശ്രമിക്കുമെന്നും മാധ്യമപ്രവർത്തകരോട് പറഞ്ഞു.അതേസമയം പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് കുട്ടിയുടെ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു. തങ്ങൾക്ക് നിയമങ്ങൾ കൈയിലെടുക്കാൻ കഴിയില്ലെന്നും പക്ഷേ വൈകാരികമായി താൻ കുട്ടിയുടെ പക്ഷത്താണെന്നും തമിഴിസൈ ബുധനാഴ്‌ച പറഞ്ഞു. അതേസമയം കുട്ടിക്ക് നീതി തേടി വിവിധ രാഷ്‌ട്രീയ പാർട്ടികളും സർക്കാരിതര സംഘടനകളും വിദ്യാർഥികളും പുതുച്ചേരിയിൽ പലയിടത്തും പ്രതിഷേധ പ്രകടനം നടത്തിയിട്ടുണ്ട്. പ്രതിഷേധിക്കുന്നവരുടെ വികാരം മാനിക്കുന്നുവെന്നും ഗവർണർ പറഞ്ഞു.താൻ ജനങ്ങൾക്കും കുട്ടിയുടെ അമ്മയ്ക്കും പിന്തുണ നൽകുന്നു. മയക്കുമരുന്ന് കടത്തിന് ഉത്തരവാദികളായവരിൽ ചിലർ രാഷ്‌ട്രീയ പശ്ചാത്തലത്തിൽ നിന്നുള്ളവരാണ്. തീർച്ചയായും എല്ലാവരും പിടിക്കപ്പെടുമെന്നും എല്ലാ ദിവസവും മയക്കുമരുന്ന് നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും സമൂഹത്തിൽ എവിടെയും ഇത്തരം സംഭവങ്ങൾ ആവർത്തികരുതെന്നും ഗവർണർ കൂട്ടിച്ചേർത്തു.ഇത്തരം സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ തങ്ങൾ ശ്രദ്ധിക്കണം. ഇവിടെ ലഹരി ഉപയോഗത്തിന്‍റെ പ്രചാരം ഇല്ലെന്ന് ഉറപ്പാക്കാനുളള തീവ്രശ്രമത്തിലാണ്. തമിഴ്‌നാട്ടിൽ മയക്കുമരുന്നിന് അടിമകളായ ചിലരെ അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്. അവരെ പിന്തുണയ്ക്കുന്നവരിൽ ചിലർ പുതുച്ചേരിയിലുളളവരാണ്. അവരെയും ഉടൻ അറസ്‌റ്റ്‌ ചെയ്യുമെന്നും ജനങ്ങളുടെ വികാരത്തിൽ താൻ സഹതപിക്കുന്നെന്നും സൗന്ദരരാജൻ വ്യക്തമാക്കി.അതേസമയം പുതുച്ചേരിയിലെ കഞ്ചാവ് ഭീഷണി നേരിടുന്നതിൽ സർക്കാരിന്‍റെ നിഷ്‌ക്രിയത്വത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്‌ച ബന്ദ് നടത്തുമെന്ന് ഇന്ത്യ ബ്ലോക്കും അഖിലേന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകവും പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *