കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെതിരെ ശോഭ സുരേന്ദ്രന്. കെ. മുരളീധരന് ശക്തമായ രീതിയില്‍ മറുപടി നല്‍കണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാല്‍, കുറച്ച്നാള്‍ കഴിഞ്ഞാല്‍ അദ്ദേഹത്തെ മുരളീജി എന്ന് വിളിക്കേണ്ടി വന്നാലോ എന്നുകരുതിയാണ് അങ്ങനെ മറുപടി നല്‍കാത്തതെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു. പത്മജ വേണുഗോപാലിന്റെ വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബിജെപി നേതാവ്.
‘ഇന്ന് ബിജെപിയെ സംബന്ധിച്ച് കൂടുതല്‍ രാശിയുള്ള ദിവസമാണ്. കാരണം ഡല്‍ഹിയില്‍ ഒരു ചര്‍ച്ച നടക്കാന്‍ പോകുകയാണ്. ഇത് പെട്ടെന്ന് സംഭവിച്ചതല്ല. ഒരു സഹോദരികൂടി ഞങ്ങളുടെ പ്രസ്ഥാനത്തിലേക്ക് കടന്നുവരുന്നുവെന്ന ശുഭവാര്‍ത്ത കേട്ടാണ് താന്‍ ആലപ്പുഴയിലെത്തയിട്ടുള്ളത്. ബിജെപിയിലേക്ക് കെ.മുരളീധരന്‍കൂടി കടന്നുവരാന്‍ സാധിക്കുന്ന രീതിയിലുള്ള സാഹചര്യമാണ് ഇന്ത്യന്‍ ജനാധിപത്യത്തില്‍ നിലനില്‍ക്കുന്നത്’, ശോഭ സുരേന്ദ്രന് പറഞ്ഞു.
‘മുരളീധരന്റെ അച്ഛന് ജീവിച്ചിരിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ താത്പര്യമില്ലാതെ മറ്റൊരു പാര്‍ട്ടി രൂപീകരിച്ച മുരളീധരന് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി പറഞ്ഞത്, എനിക്ക് എന്റെ അച്ഛനാണെന്ന് പറയാന്‍ പോലും ലജ്ജ തോന്നുന്നുവെന്നാണ്. ജീവിച്ചിരിക്കുന്ന കാലത്ത് അച്ഛന്റെ പേര് മുരളീധരന് വിലകുറച്ച് കാണിച്ച ഏറെ സംഭവങ്ങളുണ്ടായിട്ടുണ്ട്’, ശോഭാ സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.