വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണു. പാങ്ങോട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലാണ് അഫാൻ കുഴഞ്ഞുവീണത്. പ്രതിയെ കല്ലറയിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി.ആത്മഹത്യശ്രമമാണോയെന്ന് ആദ്യം സംശയിച്ചിരുന്നു. അഫാൻ രാത്രി ഉറങ്ങിയിരുന്നില്ല. രക്തസമ്മർദത്തിലുണ്ടായ വ്യതിയാനം മൂലമാണ് പ്രതി കുഴഞ്ഞുവീണതെന്നാണ് ഡോക്ടർമാർ പറയുന്നത്. മുത്തശ്ശിയായ സൽമാ ബീവിയെ കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനായി ഇന്ന്‌ കൊല നടന്ന പാങ്ങോട്ടെ വീട്ടിലെത്തിക്കാനിരിക്കെയാണ് സംഭവം.സൽമാ ബീവിയുടെ കൊലപാതക കേസിൽ ഇന്നലെയാണ് പ്രതിയെ പാങ്ങോട് പൊലീസ് മൂന്ന്‌ ദിവസത്തേക്ക്‌ കസ്റ്റഡിയിൽ വാങ്ങിയത്. പൂജപ്പുര സെൻട്രൽ ജയിലിലായിരുന്ന പ്രതിയെ കസ്റ്റഡി അപേക്ഷയെ തുടർന്ന് ഇന്നലെ രാവിലെ 11ഓടെ നെടുമങ്ങാട് കോടതിയിൽ എത്തിച്ചിരുന്നു.കോടതി നടപടികൾക്കുശേഷം 12ഓടെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി പാങ്ങോട് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ആറ്റിങ്ങൽ ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ രാത്രി വൈകിയും ചോദ്യം ചെയ്‌തിരുന്നു.കൂട്ടക്കൊല ചെയ്‌തെന്ന് സമ്മതിച്ച അഫാൻ കൊലപാതകത്തിലേക്ക് നയിച്ചത് കടബാദ്ധ്യതയാണെന്ന മൊഴി ആവർത്തിച്ചു. കുടുംബത്തിന്റെ കടബാദ്ധ്യതയും ഉമ്മൂമ്മയോടുള്ള കടുത്ത പകയുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.ഉമ്മൂമ്മയോട് പല തവണ സഹായം ചോദിച്ചു,സ്വർണമാലയടക്കം നൽകാൻ ആവശ്യപ്പെട്ടു. നൽകാത്തതിനാലാണ് ആദ്യം ഉമ്മൂമ്മയെ തന്നെ കൊലപ്പെടുത്തിയതെന്നും, സിനിമകൾ കാണാറുണ്ടെങ്കിലും കൊലപാതകത്തിന് സിനിമ പ്രചോദനമായിട്ടില്ലെന്നും അഫാൻ പറഞ്ഞതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *