കോഴിക്കോട്: ഐ സി യു പീഡന കേസില്‍ ഇരക്കൊപ്പം നിന്നതിന് പ്രതികാര നടപടി നേരിട്ട സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ പി ബി അനിത കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലിയില്‍ പ്രവേശിച്ചു. രാവിലെ പത്തരയോടെ മെഡിക്കല്‍ കോളജിലെത്തിയ അനിത അഡ്മിനിസ്‌ട്രേറ്ററെ കണ്ടതിന് ശേഷമാണ് ജോലിയില്‍ പ്രവേശിച്ചത്.

കോഴിക്കോട് തന്നെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് പി.ബി. അനിത മാധ്യമങ്ങളോട് പ്രതികരിച്ചു. തനിക്ക് അനുകൂലമായ ഹൈകോടതി വിധിക്കെതിരെ സര്‍ക്കാര്‍ റിവ്യു ഹര്‍ജി നല്‍കുന്നതില്‍ വിഷമമുണ്ട്. റിവ്യു ഹര്‍ജി നല്‍കിയാലും കോടതിയില്‍ നിന്ന് നീതി കിട്ടുമെന്നാണ് പ്രതീക്ഷ.

ഹൈകോടതിയില്‍ കൊടുത്ത സര്‍ക്കാറിനെതിരായ കോടതിയലക്ഷ്യ ഹര്‍ജി പിന്‍വലിക്കില്ല. ജോലിയില്‍ തിരികെ പ്രവേശിച്ചാലും ഭരണാനുകൂല സംഘടനകളില്‍ നിന്ന് പ്രതികാര നടപടികള്‍ ഉണ്ടാകുമെന്ന് ആശങ്കയുണ്ട്. അതിജീവിതയുടെ കാര്യത്തില്‍ തന്റെ കര്‍ത്തവ്യമാണ് ചെയ്തതെന്നും സര്‍ക്കാര്‍ നീതിയുടെ കൂടെ നില്‍ക്കണമെന്നും അനിത ആവശ്യപ്പെട്ടു.

ചികിത്സയിലിരിക്കെ രോഗി പീഡനത്തിനിരയായ സംഭവത്തില്‍ അതിജീവിതക്കൊപ്പം നിന്നെന്ന കാരണത്താലുള്ള പ്രതികാര നടപടി വ്യാപക പ്രതിഷേധത്തിനിടയാക്കിയതിനു പിന്നാലെയാണ് അനിതയെ കോഴിക്കോട് തന്നെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *