കോവിഡ് പശ്ചാത്തലത്തില്‍ നാട്ടില്‍ തിരിച്ചെത്തി ഓണ്‍ലൈന്‍ മുഖേന പഠനം നടത്തുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ കോഴ്സ് അംഗീകാരവുമായി ബന്ധപ്പെട്ട വിഷയം ദേശീയ മെഡിക്കല്‍ കമ്മീഷന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. പി.ടി.എ റഹീം എം.എല്‍.എ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
നീറ്റ് പരീക്ഷ പാസ്സായി പ്രവേശന കമ്മീഷണര്‍ നടത്തുന്ന അലോട്ട്മെന്റിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ പഠനം നടത്തുന്നത്. നാഷനല്‍ മെഡിക്കല്‍ കമ്മീഷന്‍ മുഖേന രജിസ്ട്രേഷന്‍ നടത്തിയതിനുശേഷമാണ് ഇവര്‍ പഠനം തുടരുന്നത്. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ ഈ നടപടിക്രമങ്ങളിലൂടെ കടന്നുപോവുന്നില്ല. വിദേശ മെഡിക്കല്‍ കോഴ്സുകള്‍ പാസ്സായി വരുന്നവര്‍ക്ക് അംഗീകാരം നല്‍കുന്നത് നാഷനല്‍ മെഡിക്കല്‍ കമ്മീഷനാണ്. നാഷനല്‍ മെഡിക്കല്‍ കമ്മീഷന്‍ ആക്ടും, ആയതിന് കീഴില്‍ ഉണ്ടാക്കിയിട്ടുള്ള റൂള്‍സ് & റഗുലേഷന്‍സും അനുസരിച്ച് വിദേശ മെഡിക്കല്‍ ബിരുദം പൂര്‍ത്തിയാക്കി ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ് പരീക്ഷ വിജയിച്ച് വരുന്നവര്‍ക്കാണ് ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ നിന്ന് പ്രാക്ടീസിനുള്ള രജിസ്ട്രേഷന്‍ അനുവദിക്കുന്നത്.
കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യക്കകത്ത് മെഡിക്കല്‍ വിദ്യാഭ്യാസം നടത്തുന്നവര്‍ക്ക് ഓണ്‍ലൈന്‍ മുഖേനയുള്ള തിയറി ക്ലാസ്സുകള്‍ക്കും യൂണിവേര്‍സിറ്റിയോ കോളേജോ തുറക്കുന്ന മുറക്ക് പ്രാക്ടിക്കല്‍ പഠനവും നടത്താമെന്ന് നാഷനല്‍ മെഡിക്കല്‍ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വിദേശത്ത് മെഡിക്കല്‍ പഠനം നടത്തുന്നവരുടെ ഓണ്‍ലൈന്‍ പഠനം സംബന്ധിച്ചോ, കോഴ്സിന് അംഗീകാരം നല്‍കുന്നത് സംബന്ധിച്ചോ യാതൊരു മാനദണ്ഡങ്ങളോ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോ നാഷനല്‍ മെഡിക്കല്‍ കമ്മീഷന്‍ ഇതുവരെയും പുറപ്പെടുവിച്ചിട്ടില്ല. ഇക്കാര്യം നാഷനല്‍ മെഡിക്കല്‍ കമ്മീഷന്റെ ശ്രദ്ധയില്‍പെടുത്തി പരിഹാരം കണ്ടെത്തുന്നതിന് ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
