മഞ്ചേശ്വരം കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി. പട്ടികജാതി/ പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ വകുപ്പാണ് കെ സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് സുരേന്ദ്രനെതിരെ പുതിയ വകുപ്പ് ചുമത്തിയിരിക്കുന്നത്.
മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിനായി രണ്ടരലക്ഷം രൂപയും സ്മാര്‍ട്ട്ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. സുരേന്ദ്രന്റെ പേരിനോട് സാമ്യമുള്ള താന്‍ മത്സരിച്ചാല്‍ വോട്ട് കുറയുമെന്ന് ബിജെപി ആശങ്കപ്പെട്ടിരുന്നുവെന്നും നാമനിര്‍ദേശപത്രിക പിന്‍വലിക്കുന്നതിനായി കോഴ നല്‍കിയെന്നും കഴിഞ്ഞ വര്‍ഷം ജൂണ്‍ 5നാണ് സുന്ദര വെളിപ്പെടുത്തിയത്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന വി വി രമേശന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്.
ഇന്നലെയാണ് കേസിന്റെ ഇടക്കാല റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ സുരേന്ദ്രനും ബിജെപി നേതാക്കളും ഉള്‍പ്പടെ ആറ് പ്രതികളാണ് ഉള്ളത്. ഇതില്‍ അഞ്ചു പേര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തും. കെ.സുരേന്ദ്രനാണ് കേസില്‍ മുഖ്യപ്രതി.
ദുര്‍ബലമായ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്നും പട്ടികജാതി-പട്ടിക വര്‍ഗ വകുപ്പുകള്‍ കൂടി ചേര്‍ക്കണമെന്നും നേരത്തെ സ്പെഷ്യല്‍ പബ്ലക് പ്രോസിക്യൂട്ടര്‍ അന്വേഷണ സംഘത്തോട് നിര്‍ദേശിച്ചിരുന്നു. ഇത് പരിഗണിച്ചാണ് വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.
