ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ അറസ്റ്റില്‍. ജൂണ്‍ നാലിനാണ് മൂന്ന് തൊഴിലാളികള്‍ പാര്‍ലമെന്റിനുള്ളില്‍ കടക്കാന്‍ ശ്രമിച്ചത്. ഉത്തര്‍പ്രദേശ് സ്വദേശികളായ കാസിം, മോനിസ്, സൊയബ് എന്നിവരാണ് പിടിയിലായത്.

വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചാണ് ഇവര്‍ അതീവ സുരക്ഷയുള്ള പാര്‍ലമെന്റ് സമുച്ചയത്തിലേക്ക് കടക്കാന്‍ ശ്രമിച്ചത്. ചൊവ്വാഴ്ച പാര്‍ലമെന്റ് ഹൗസിന്റെ ഫ്‌ലാപ്പ് ഗേറ്റ് ഭാഗത്ത് സുരക്ഷാ പരിശോധനയ്ക്കായി ക്യൂവില്‍ നില്‍ക്കുമ്പോള്‍ ഇവര്‍ കാണിച്ച ആധാര്‍ കാര്‍ഡുകള്‍ സംബന്ധിച്ച് സംശയം തോന്നിയ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ മൂവരെയും തടഞ്ഞുവച്ചു.

തുടര്‍ന്ന് ഇവ വിശദപരിശോധനയ്ക്കായി അയച്ചു. പരിശോധനയില്‍ ആധാര്‍ കാര്‍ഡുകള്‍ വ്യാജമാണെന്ന് മനസിലാവുകയും പൊലീസിന് കൈമാറുകയുമായിരുന്നു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി.

ഡീ വീ പ്രോജക്ട്സ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഇവരെ പാര്‍ലമെന്റ് കോംപ്ലക്സിനുള്ളില്‍ എം.പിമാരുടെ വിശ്രമമുറിയിലെ നിര്‍മാണജോലികള്‍ക്കായി നിയമിച്ചിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. കഴിഞ്ഞ മൂന്നു മാസമായി ഇവര്‍ പാര്‍ലമെന്റിനുള്ളില്‍ ജോലിയിലേര്‍പ്പെട്ടുവരികയാണ്. എന്നാല്‍ എന്‍ട്രി പാസിന്റെ കാലാവധി അവസാനിക്കുകയും പുതിയ പാസിനായി അപേക്ഷിക്കാനായി എത്തിയപ്പോള്‍ കൈയിലുള്ളത് വ്യാജരേഖകളാണ് കണ്ടെത്തുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *