ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ മാണ്ഡിയിലെ നിയുക്ത എം.പിയും ബോളിവുഡ് നടിയുമായ കങ്കണ റണൗട്ടിന്റെ മുഖത്തടിച്ചെന്ന പരാതിയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥ കുല്‍വീന്ദര്‍ കൗര്‍ അറസ്റ്റില്‍. വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയ്ക്കിടെ കങ്കണയെ അടിച്ചെന്ന പരാതിയിലാണ് നടപടി. നേരത്തെ, കുല്‍വീന്ദര്‍ കൗറിനെതിരെ പൊലീസ് കേസെടുക്കുകയും ജോലിയില്‍ നിന്ന് ഇവരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ ചണ്ഡീഗഢ് വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനക്കിടെയാണ് കൗര്‍ കങ്കണയുടെ മുഖത്തടിച്ചെന്ന പരാതി ഉയര്‍ന്നത്. ‘ഇത് കര്‍ഷകരെ അനാദരിക്കുന്നതിനാണ്’ എന്ന് പറഞ്ഞാണ് തല്ലിയതെന്നാണ് പരാതി. വിവാദമായ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിച്ച കര്‍ഷകരെ ഖലിസ്ഥാനി തീവ്രവാദികള്‍ എന്നുവിളിച്ചതിന്റെ പേരിലാണ് ഉദ്യോഗസ്ഥ മര്‍ദിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.