സി പി എം നേതാക്കള്‍ പ്രതിചേര്‍ക്കപ്പെട്ട തലശേരി ഫസൽ വധക്കേസിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സിബിഐ പ്രത്യേക ടീം അന്വേഷണം നടത്തണമെന്നും കോടതി ഉത്തരവിട്ടു കൊലപാതകത്തിന് പിന്നില്‍ ആര്‍ എസ് എസസ് എന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫസലിന്‍റെ സഹോദരന്‍ അബ്‌ദുൽ സത്താറാണ് കോടതിയെ സമീപിച്ചത്. ഈ ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്.
ഫസലിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസുകാരാണെന്ന്, ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന കുപ്പി സുബീഷ് വെളിപ്പെടുത്തിയിരുന്നു. താനടക്കം നാലുപേരടങ്ങുന്ന ആര്‍എസ്എസ്സംഘമാണ് ഫസലിന്റെ കൊലയ്ക്ക് പിന്നിലെന്നാണ് സുബീഷ് പറഞ്ഞത്. സുബീഷിന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫസലിന്റെ സഹോദരന്‍ അബ്ദുള്‍ സത്താര്‍ കോടതിയെ സമീപിച്ചത്.
ഫസൽ വധത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന് സി പി എം തുടക്കം മുതൽ ആരോപിച്ചിരുന്നു. ഫസലിന്‍റെ ബന്ധുക്കളും കൊലപാതകത്തിലെ സി പി എം പങ്ക് നിഷേധിച്ചിരുന്നു.
2006 ഒക്‌ടോബറിലാണ് പത്രവിതരണക്കാരനായ ഫസല്‍ തലശേരി സെയ്‌ദാർ പള്ളിക്ക് സമീപത്ത് വച്ച് കൊല്ലപ്പെടുന്നത്. സി പി എം പ്രവർത്തകനായിരുന്ന ഫസല്‍ പാര്‍ട്ടി വിട്ട് എൻ ഡി എഫിൽ ചേര്‍ന്നതിലുളള എതിര്‍പ്പ് മൂലമാണ് കൊലപാതകമെന്നായിരുന്നു ആരോപണം. കേസിൽ സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജനും ഏരിയാ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരനുമടക്കം എട്ട് പ്രതികളെയാണ് സി ബി ഐ അറസ്റ്റ് ചെയ്‌തത്.
ഈ കേസ് പിന്നീട് സിബിഐ ഏറ്റെടുത്തു. സിബിഐ അന്വേഷണം നടക്കുന്നതിനിടെ 2012 ല്‍ ഇരുവരും കോടതിയില്‍ കീഴടങ്ങി. ഒന്നര വര്‍ഷത്തോളം ജയിലിലായിരുന്ന ഇരുവരും 2013 നവംബറിലാണ് ജാമ്യത്തില്‍ പുറത്തിറങ്ങുന്നത്. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുത്, അന്വേഷണത്തെ സ്വാധീനിക്കരുത് തുടങ്ങിയ നിബന്ധനകളോടെയാണ് ഇവര്‍ക്ക് കോടതി ജാമ്യം നല്‍കിയത്. തുടര്‍ന്ന് ഇവര്‍ എറണാകുളം ജില്ലയിലാണ് താമസം.
കോടതി വിധിയെ സിപിഎം നേതാവ് പി ജയരാജനും കാരായി രാജനും സ്വാഗതം ചെയ്തു. സിബിഐ ഇനിയെങ്കിലും ദുരഭിമാനം വെടിയണമെന്ന് എഎന്‍ ഷംസീര്‍ എംഎല്‍എ പറഞ്ഞു. സത്യം എന്നായാലും പുറത്തുവരും. ഏഴരക്കൊല്ലത്തിലേറെയായി സിപിഎം നേതാക്കളായ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും അന്വേഷണസംഘം വേട്ടയാടുകയാണെന്നും ഷംസീര്‍ പറഞ്ഞു.
