കുതിരാൻ തുരങ്കത്തിന്റെ രണ്ടാം ടണലിന്റെ നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ സമയക്രമം നിശ്ചയിക്കാൻ തീരുമാനിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. അടുത്ത ടണൽ കൂടി വേഗം തുറക്കാനാകുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. അതിന്റെ ഭാഗമായി ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി എല്ലാ സഹകരണവും ഇടപെടലും ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
തുരങ്കത്തിന്റെ മുകൾഭാഗത്ത് ബാക്കിയുള്ള സുരക്ഷാജോലികൾ, ഉൾഭാഗത്തെ കോൺക്രീറ്റ്, ഇരുവശത്തെയും ഡക്ടുകളുടെ നിർമാണം, ടണലിന്റെ അടിഭാഗത്തെ കോൺക്രീറ്റ്, ഹാൻഡ് റെയിലുകളുടെ നിർമാണം, വിളക്കുകൾ ഘടിപ്പിക്കൽ, അഗ്നിസുരക്ഷാ സംവിധാനങ്ങൾ ഒരുക്കൽ, ബ്ളോവർ ഘടിപ്പിക്കൽ, സി.സി.ടി.വി, എസ്.ഒ.എസ് ഫോൺ, സ്പീക്കർ എന്നിവ ഘടിപ്പിക്കൽ, പെയിൻറിംഗ്, റോഡ് മാർക്കിംഗ് എന്നിവയുടെ പൂർത്തീകരണം തുടങ്ങിയവ ഇനിയുള്ള ജോലികളിൽപെടും.
എല്ലാ രണ്ടാഴ്ചയിലും ജോലികളുടെ സമയക്രമം വെച്ചുപോകാൻ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. ഓരോ രണ്ടാഴ്ചയും എന്ത് ജോലികളാണ് നടത്തുക എന്നത് സംബന്ധിച്ച് വ്യക്തമായ ചിത്രമുണ്ടാക്കുകയാണ് ലക്ഷ്യം.
ഇപ്പോൾ ആരംഭിച്ച ജോലികൾ ഈ സമയക്രമം വെച്ച് സെപ്റ്റംബർ ആദ്യവാരം യോഗം ചേർന്ന് വിലയിരുത്തും. അടുത്ത 15 ദിവസം എന്തുചെയ്യണം എന്നതിൽ ഈ യോഗത്തിൽ കൃത്യമായ ധാരണയുണ്ടാക്കും. ഈ ലക്ഷ്യം പൂർത്തിയാക്കി രണ്ടാഴ്ചതോറും വിലയിരുത്തി മുന്നോട്ടുപോകും. സമയം പാഴാക്കാതെ എല്ലാ സുരക്ഷയും ഉറപ്പുവരുത്തി എത്രയും വേഗം പ്രവൃത്തി പൂർത്തികരിക്കാൻ ഇടപെടുകയാണ് ലക്ഷ്യം.
ടീം വർക്കിന്റെ ഭാഗമായാണ് കുതിരാൻ തുരങ്കത്തിന്റെ ആദ്യ ടണൽ തുറക്കാനായത്. സംസ്ഥാന സർക്കാരിന്റെ തുടർച്ചയായ ഇടപെടലുകൾക്കും സഹായങ്ങൾക്കും ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥർ നന്ദി അറിയിച്ചതായും മന്ത്രി വ്യക്തമാക്കി.
രണ്ടാം ടണലിന്റെ ജോലികൾ വിലയിരുത്താൻ നടത്തിയയോഗത്തിൽ ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥർ, മന്ത്രിമാരായ കെ. രാജൻ, ഡോ: ആർ. ബിന്ദു, കെ. കൃഷ്ണൻകുട്ടി, എം.എൽ.എമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *