വിസ്മയ കേസിൽ കിരണ്‍ കുമാറിനെതിരെ സര്‍ക്കാര്‍ എടുത്ത നടപടിയില്‍ പ്രതികരണവുമായി സുരേഷ് ഗോപി എം പി. കിരണ്‍ കുമാറിനെ സര്‍ക്കാര്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടുകൊണ്ടുള്ള നടപടി വിസ്മയയെ ഓര്‍ത്ത് കണ്ണീര്‍ പൊഴിക്കുന്ന എല്ലാവര്‍ക്കും ഏറെ സാന്ത്വനം നല്‍കുന്നതാണെന്ന് സുരേഷ് ഗോപി പറഞ്ഞു. എന്നാല്‍ ഇത് സന്തോഷിക്കേണ്ട സാഹചര്യമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ത്തും അനുയോജ്യമായ തീരുമാനമാണ് ഗതാഗത വകുപ്പ് കൈക്കൊണ്ടിരിക്കുന്നത്. മറിച്ചാണെങ്കില്‍ അതിന് വേണ്ടുന്ന മാര്‍ഗവും സര്‍ക്കാര്‍ കാണേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിസ്മയയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം പി.
‘വിസ്മയയുടെ മരണത്തില്‍ സംശയാസ്പദമായ നിലയില്‍ കുറ്റക്കാരനെന്ന് തെളിയിക്കപ്പെട്ട ഭര്‍ത്താവ് കിരണ്‍കുമാറിനെ മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും പിരിച്ചുവിട്ട സര്‍ക്കാര്‍ തീരുമാനത്തെ സ്വഗതം ചെയ്യുകയല്ല, എന്നാല്‍ കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ ത്തും ഉചിതമായ തീരുമാനമാണ്. വിസ്മയയുടെ മരണത്തില്‍ വേദനിക്കുന്നവര്‍ക്ക് ഏറെ സാന്ത്വനം നല്‍കുന്ന ഒന്നുകൂടിയാണിത്. എന്നാല്‍ നാളെ ഇയാള്‍ കുറ്റക്കാരനല്ലെന്ന് തെളിയിക്കപ്പെട്ടാലും സര്‍ക്കാര്‍ ഉചിതമായ നിലപാട് സ്വീകരിക്കേണ്ടതുണ്ട്.’
മാതൃകാപരമായ തീരുമാനമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് അഭിപ്രായപ്പെട്ട സുരേഷ് ഗോപി ഇവിടെ രണ്ട് പക്ഷവും പരിഗണിക്കേണ്ടതുണ്ടെന്നും പക്ഷം പിടിക്കേണ്ടതില്ലെന്നും പറഞ്ഞു.