ഹൈദരാബാദ്: വിവാഹത്തിന് നിർബന്ധിച്ച കാമുകിയെ യുവാവ് ഓടിക്കൊണ്ടിരുന്ന കുടിവെള്ള ടാങ്കറിന് മുന്നിൽ തള്ളിയിട്ട് കൊന്നു. തെലങ്കാനയിലെ ബച്ചുപള്ളിയിൽ ഞായറാഴ്ചയാണ് ദാരുണമായ സംഭവം. കൊണ്ടാപ്പൂർ സ്വദേശിയായ തിരുപ്പതി എന്ന യുവാവാണ് പ്രമീള എന്ന 22കാരിയെ കൊലപ്പെടുത്തിയത്. വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നതായി ബച്ചുപള്ളി എസ്എച്ച്ഒ സുമൻ കുമാർ പറഞ്ഞു.
പ്രമീളയുടെ മരണം അപകടമാണെന്ന് ആദ്യം കരുതിയിരുന്നെങ്കിലും അന്വേഷണത്തിൽ കൊലപാതകമാണെന്ന് വ്യക്തമാകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കാമറെഡ്ഡി ജില്ല സ്വദേശിയും ബാച്ചുപള്ളിയിൽ ഡ്രൈവറായി ജോലി ചെയ്യുകയുമായിരുന്ന തിരുപ്പതി. ഇരുവരും ഒരേ നാട്ടുകാരാണ്.
പ്രമീളയുടെ ആദ്യ ഭർത്താവ് രണ്ടുവർഷം മുൻപ് മരിച്ചു പോയിരുന്നു. ഇതിന് ശേഷമാണ് ഒരു സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് ഗേളായി ജോലി ചെയ്തിരുന്ന യുവതി തിരുപ്പതിയുമായി അടുപ്പത്തിലായത്. ബന്ധം തുടരുന്നതിനിടെ വിവാഹം കഴിക്കണമെന്ന ആവശ്യം പ്രമീള മുന്നോട്ടുവെച്ചെങ്കിലും യുവാവ് വഴങ്ങിയില്ല.
ഞായറാഴ്ച നേരിൽ കണ്ട് സംസാരിക്കുന്നതിനിടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. യുവാവ് സ്ഥലത്ത് നിന്ന് മടങ്ങാൻ ശ്രമിച്ചെങ്കിലും യുവതി സമ്മതിച്ചില്ല. തർക്കം വഴക്കായതോടെ തിരുപ്പതി പ്രമീളയെ ഓടിക്കൊണ്ടിരുന്ന വെള്ള ടാങ്കറിനു മുന്നിലേക്ക് തള്ളിയിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചു. സംഭവത്തിന് ശേഷം തിരുപ്പതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.