തിരുവനന്തപുരം: ആര്‍എസ് എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എം.ആര്‍ അജിത് കുമാര്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിശദാംശങ്ങള്‍ തേടിയപ്പോഴാണ് സമ്മതിച്ചത്. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് സമ്മതിച്ചത്. സ്വകാര്യ സന്ദര്‍ശനം ആയിരുന്നെന്നാണ് അജിത് കുമാര്‍ വിശദീകരിച്ചത്. ആര്‍എസ്എസ് നേതാവിന്റെ കാറിലാണ് എഡിജിപി എത്തിയതെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.

ദത്താത്രേയ തൃശൂരില്‍ താമസിച്ച പഞ്ചനക്ഷത്രഹോട്ടലില്‍ എഡിജിപി എം.ആര്‍.അജിത്കുമാര്‍ എത്തിയിരുന്നതായി അടുത്തദിവസം തന്നെ സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആര്‍എസ്എസിന്റെ സംഘടനയായ വിജ്ഞാനഭാരതിയുടെ ദേശീയ ഭാരവാഹിയായ മലയാളിക്കൊപ്പമാണ് 2023 മെയ് 22ന് എഡിജിപി സന്ദര്‍ശിച്ചതെന്നും സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് പറയുന്നു. ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയായ അജിത്കുമാറിന്റെ വാഹനത്തിന്റെ ലോഗ്ബുക്കില്‍ എവിടെയെല്ലാം പോയെന്നു രേഖപ്പെടുത്തും. അതൊഴിവാക്കാന്‍ ഔദ്യോഗിക വാഹനം ഒഴിവാക്കിയായിരുന്നു യാത്ര. പകരം വിജ്ഞാനഭാരതി ഭാരവാഹി വന്ന കാറിലാണ് എഡിജിപി പോയത്.

സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് അടുത്തദിവസം തന്നെ സംസ്ഥാന പൊലീസ് മേധാവിക്കും ഇന്റലിജന്‍സ് മേധാവിക്കും സര്‍ക്കാരിനും ലഭിച്ചിരുന്നു.മുഖ്യമന്ത്രിയുടെ ഓഫിസ് നിര്‍ദേശിച്ചതനുസരിച്ചാണ് എഡിജിപി കൂടിക്കാഴ്ച നടത്തിയതെങ്കില്‍ തുടര്‍നടപടിയുമുണ്ടാകില്ല.

Leave a Reply

Your email address will not be published. Required fields are marked *