താമരശ്ശേരി: വയനാട് ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായ നിര്‍ദ്ദിഷ്ട ചുരം ബൈപ്പാസ് (ചിപ്പിലിത്തോട് മരുതി ലാവ് തളിപ്പുഴ) റോഡ് കടന്ന് പോകുന്ന പാത തിരുവമ്പാടി നിയോജക മണ്ഡലം എം എല്‍എ ലിന്റോ ജോസഫിന്റെയും കല്‍പറ്റ നിയോജക മണ്ഡലം എം എല്‍ എ ടി.സിദ്ധീഖിന്റെയും നേതൃത്വത്തില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തിരുവനന്തപുരം റീജിയണല്‍ ഓഫീസര്‍ ബി.ടി ശ്രീധര, ദേശീയപാത നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.വിനയരാജ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.ജില്‍ജിത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ സലീം എന്നിവരടങ്ങുന്ന ഉന്നതതല സംഘം സന്ദര്‍ശിച്ചു.നിര്‍ദ്ദിഷ്ട ബൈപ്പാസ് ആരംഭിക്കുന്ന കോഴിക്കോട് ജില്ലയുടെ ഭാഗമായ ചിപ്പിലിത്തോട് മുതല്‍ വയനാട് ജില്ലാ അതിര്‍ത്തി വരെ ലിന്റോ ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ ആദ്യം സന്ദര്‍ശിച്ചു. പദ്ധതിയുടെ സാങ്കേതിക വശങ്ങള്‍ ഉദ്യോഗസ്ഥ സംഘം ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്തു. ബൈപ്പാസ് പദ്ധതിയുടെ ആവശ്യകത കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ അടിയന്തിരമായി കൊണ്ട് വരുമെന്നും അതിന്റെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിന് ഗ്രാമപഞ്ചാത്തുകളുടെ ഭാഗത്ത് നിന്നും ലഭ്യമാക്കേണ്ട നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ഗ്രാമ പഞ്ചായത്ത് അദ്ധ്യക്ഷന്‍ മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.നിര്‍ദ്ദിഷ്ട പാത അവസാനിക്കുന്നവയനാട് ജില്ലയുടെ ഭാഗമായ തളിപ്പുഴയില്‍ കല്‍പ്പറ്റ എം എല്‍ എ ടി സിദ്ധീഖിന്റെയും വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷിന്റെയും നേതൃത്വത്തിലും ഉദ്യോഗസ്ഥ സംഘം സന്ദര്‍ശനം നടത്തി. സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ലഭ്യമാകേണ്ട നടപടിക്രമങ്ങള്‍ വേഗത്തിലാക്കുവാന്‍ വേണ്ട ഇടപെടലുകള്‍ അടിയന്തിര പ്രാധാന്യത്തോടെ നടപ്പിലാക്കാമെന്ന് എം എല്‍ എ മാരായ ലിന്റോ ജോസഫും ടി.സിദ്ധീഖും ഉദ്യോഗസ്ഥ സംഘത്തെ അറിയിച്ചു.നാടിന്റെ സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ അടിയന്തിര പ്രാധാന്യത്തോടെ വേഗത്തിലാക്കുമെന്നും ഉദ്യോഗസ്ഥ സംഘം അറിയിച്ചു.കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ്, പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ നജ് മുന്നീസ ഷരീഫ്, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ വി.കെ ഹുസൈന്‍ കുട്ടി, ടി ആര്‍ ഓമനക്കുട്ടന്‍, കെ.സി വേലായുധന്‍, ഗിരീഷ്‌തേവള്ളി, ജോണി പാറ്റാനി, റെജി ജോസഫ്, വി.കെ അഷ്‌റഫ്, റാഷി താമരശ്ശേരി, ജസ്റ്റിന്‍ ജോസഫ്, സൈദ് തളിപ്പുഴ, അഷ്‌റഫ് വൈത്തിരി, വി.കെ മൊയ്തു മുട്ടായി,ഷാജഹാന്‍ തളിപ്പുഴ, സിസി തോമസ്, പി.കെ സുകുമാരന്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *