നോക്കുകൂലിക്കെതിരെ അതിരൂക്ഷവിമർശനവുമായി കേരള ഹൈക്കോടതി.നോക്കുകൂലി എന്ന വാക്ക് ഇനി കേരളത്തില്‍ കേട്ടുപോകരുതെന്ന് പറഞ്ഞ ഹൈക്കോടതി ഇത് തുടച്ചുനീക്കണമെന്നും ആവശ്യപ്പെട്ടു. നോക്കുകൂലി ചോദിക്കുന്നവര്‍ക്കെതിരെ കൊടിയുടെ നിറം നോക്കാതെ നടപടിയെടുക്കണം. ട്രേഡ് യൂണിയന്‍ തീവ്രവാദമെന്ന പ്രതിച്ഛായ കേരളത്തിനുണ്ടെന്നും ഹൈക്കോടതി പരാമര്‍ശിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
കേരളത്തിലേക്ക് നിക്ഷേപകര്‍ക്ക് വരൻ ഭയക്കുന്ന സ്ഥിതിയാണുള്ളതെന്ന സാഹചര്യം മാറണം. തൊഴിലുടമ തൊഴില്‍ നിരസിച്ചാല്‍ ചുമട്ട് തൊഴിലാളി ബോര്‍ഡിനെയാണ് തൊഴിലാളികൾ സമീപിക്കേണ്ടതെന്നും തൊഴില്‍ നിഷേധത്തിനുള്ള പ്രതിവിധി അക്രമമല്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വാക്കാൽ നിരീക്ഷിച്ചു. ഐഎസ്ആർഒയുടെ (ISRO) നേതൃത്വത്തിൽ വിഎസ്എസ്.സിയിലേക്ക് (VSSC) കൊണ്ടു വന്ന ചരക്കുകൾ തടഞ്ഞ സംഭവം കേരളത്തിന് നാണക്കേടുണ്ടാക്കിയെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
നോക്കുകൂലിയുമായി ബന്ധപ്പെട്ട പോലീസ് സംരക്ഷണ ഹര്‍ജികള്‍ കൂടിവരികയാണെന്ന് അഭിപ്രായപ്പെട്ട കോടതി, സര്‍ക്കാര്‍ നോക്കുകൂലി നിരോധിച്ചിട്ടും ഇത്തരം കേസുകള്‍ വര്‍ധിക്കുന്നത് അദ്ഭുതപ്പെടുത്തുകയാണെന്നും പറഞ്ഞിരുന്നു.
