കോഴിക്കോട് : ജയില്‍ ജീവനക്കാരുടെ ഡ്യൂട്ടിയിലുള്ള മികവിന് ഇനി ജയില്‍ വകുപ്പ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ. പൊലിസിന് നല്‍കുന്ന ബാഡ്ജ് ഓഫ് ഓണറിന് സമാനമായ രീതിയിലാണ് ജയില്‍വകുപ്പും മികവിനുള്ള അംഗീകാരം ഏർപ്പെടുത്തിയത്.ജയില്‍ ഡി.ജി.പിയുടെ റിപ്പോർട്ടിന്റെയും ജയില്‍ സബോർഡിനേറ്റ് ഓഫിസേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിന്റെയും അടിസ്ഥാനത്തിലാണ് ബാഡ്ജ്‌ഓഫ് ഓണർ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചത്.
കഴിഞ്ഞ മാസം ഇത് സംബന്ധിച്ചുള്ള ഉത്തരവിറക്കിയെങ്കിലും ഉദ്യോഗസ്ഥരുടെ പട്ടിക തിരഞ്ഞെടുക്കുന്നതിനായുള്ള കമ്മറ്റികള്‍ രൂപീകരിക്കാൻ സാധിച്ചിട്ടില്ല. അതിനാല്‍ ഈ വർഷം ബാഡ്ജ് ഓഫ് ഓണർ നല്‍കാൻ സാധിക്കില്ലെന്നാണ് സൂചന.ജയിലുകളിലെ കുറ്റകൃത്യങ്ങള്‍ തടയുന്നതിലെ മികവ്, തടവു ചാടിയവരെ കണ്ടെത്തല്‍, തടവു ചാട്ടം തടയല്‍, ജയിലിലെ നിരോധിത വസ്തുക്കള്‍ കണ്ടെത്തല്‍ എന്നിവ അടിസ്ഥാനമാക്കിയാണ് ബാഡ്ജ് ഓഫ് ഓണറിന് ജീവനക്കാരെ പരിഗണിക്കുന്നത്. തടവുകാരുടെ പരിപാലനത്തിലെ മികവ്, സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള സുരക്ഷാ പ്രവർത്തനങ്ങള്‍, ആത്മഹത്യാശ്രമങ്ങള്‍ തടയല്‍ തുടങ്ങിയവും മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടും.
ഇതിനു പുറമെ തടവുകാരുടെ മനഃപരിവർത്തനങ്ങളിലെ മികവും ഓള്‍ ഇന്ത്യ പ്രിസണ്‍ മീറ്റുള്‍പ്പെടെയുള്ള പരിപാടികളിലെ പ്രകടനവും ബാഡ്ജ് ഓഫ് ഓണർ നല്‍കുന്നതിനുള്ള മാനദണ്ഡമായി വിലയിരുത്തുന്നുണ്ട്. ഓരോവർഷവും നവംബർ ഒന്നിന് ബാഡ്ജ് ഓഫ് ഓണർ നല്‍കുന്ന ചടങ്ങ് നടത്താനാണ് തീരുമാനം.ജയില്‍വകുപ്പില്‍ മൂന്ന് വർഷത്തെ സേവനം പൂർത്തിയാക്കിയ എക്സിക്യൂട്ടീവ് വിഭാഗം ജീവനക്കാർക്ക് മാത്രമാണ് ബാഡ്ജ് ഓഫ് ഓണറിന് അർഹതയുള്ളത്.
വർഷത്തില്‍ 33 ഉദ്യോഗസ്ഥർക്കാണ് പരമാവധി നല്‍കുക. അനുവദിക്കുന്ന ബാഡ്ജുകളില്‍ 10 ശതമാനം വനിതകള്‍ക്കാണ്. സെൻട്രല്‍ ജയില്‍ സൂപ്രണ്ട് തസ്തിക വരെയുള്ള ഉദ്യോഗസ്ഥരെ ബാഡ്ജിന് പരിഗണിക്കും. ഒരു ഓഫിസർക്ക് സർവിസില്‍ പരമാവധി അഞ്ച് തവണ ബാഡ്ജ് അനുവദിക്കാമെന്നും ആഭ്യന്തരവകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.
