ശബരിമലയില്‍ നടന്നത് ഗുരുതര കളവും വില്‍പനയും, ഒര്‍ജിനല്‍ സ്വര്‍ണം പൊതിഞ്ഞ ദ്വാരപാലക ശില്‍പം ഉയര്‍ന്ന വിലയ്ക്ക് വിറ്റെന്നും ലക്ഷക്കണക്കിന് വിശ്വാസികളെ ദേവസ്വം ബോര്‍ഡ് വഞ്ചിച്ചെന്നുമുള്ള ഹൈക്കോടതി വിധി പ്രതിപക്ഷ ആരോപണം അടിവരയിടുന്നതെന്ന് വിഡി സതീശൻ.

ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും വിളിച്ചു വരുത്തിയത് അടുത്ത കളവിന് വേണ്ടി, ദ്വാരപാലക ശില്‍പം ഏത് കോടീശ്വരന്റെ വീട്ടിലാണെന്ന് സി.പി.എം വ്യക്തമാക്കണം; നിയമസഭയിലും പുറത്തും പ്രക്ഷോഭം തുടരും; പിണറായി വിജയന്റെ കൂലിപ്പട്ടാളമായി ചീഫ് ജസ്റ്റിസിനെ നാടുകടത്തിയ മന്ത്രിമാര്‍ പ്രതിപക്ഷത്തെ കോടതിയോടുള്ള ബഹുമാനം പഠിപ്പിക്കേണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ഗുരുതരമായ കളവും വില്‍പനയുമാണ് ശബരിമലയില്‍ നടന്നതെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ചേര്‍ന്ന് ദേവസ്വം ബോര്‍ഡ് പുണ്യപരിപാവനമായ ശബരിമല അമ്പലത്തെ മാത്രമല്ല ലക്ഷക്കണക്കിന് വിശ്വാസികളെ കൂടിയാണ് വഞ്ചിച്ചിരിക്കുന്നതെന്നാണ് കോടതിയുടെ വിമര്‍ശനം. ചെന്നൈയില്‍ എത്തിച്ചത് ചെമ്പ് മാത്രമുള്ള മറ്റൊരു ദ്വാരപാലക ശില്‍പമായിരുന്നെന്നും തിരിച്ച് കൊണ്ടുവന്ന് സ്ഥാപിച്ചപ്പോള്‍ ഭാരത്തില്‍ ഉണ്ടായ ഭാരക്കുറവ് ദേവസ്വം ബോര്‍ഡ് കണ്ടില്ലെന്നു നടിച്ചതാണെന്ന ഞെട്ടിക്കുന്ന വെളിപ്പടുത്തലും ഉത്തരവിലുണ്ട്. ഒര്‍ജിനല്‍ സ്വര്‍ണം മൂടിയ ദ്വാരപാലക ശില്‍പം ഉയര്‍ന്ന നിരക്കില്‍ വില്‍പന നടത്തി.

യഥാര്‍ത്ഥ ദ്വാരപാലക ശില്‍പം ശബരിമലയില്‍ നിന്നും എടുത്ത് ഉയര്‍ന്ന വിലയ്ക്ക് വിറ്റ് പകരമായി ചെമ്പ് മോള്‍ഡ് മാത്രമാണ് ചെന്നൈയില്‍ കൊണ്ടു പോയതെന്ന ഗുരുതര കണ്ടെത്തലാണ് ഹൈക്കോടതി നടത്തിയിരിക്കുന്നത്. ശബരിമല ധര്‍മ്മശാസ്താവിന്റെ ദ്വാരപാലക ശില്‍പം ഏത് കോടീശ്വരന്റെ വീട്ടിലേക്കാണ് വിറ്റിരിക്കുന്നതെന്നാണ് സി.പി.എമ്മിനോടും സര്‍ക്കാരിനോടും ചോദിക്കാനുള്ളത്. കോടികള്‍ മറിയുന്ന കച്ചവടമാണിത്. ശബരിമലയിലെ പവിത്രമായ ദ്വാരപാലക ശില്‍പം വിറ്റെന്നാണ് കോടതിയുടെ കണ്ടെത്തല്‍. അപ്പോള്‍ എത്ര വലിയ കള്ളന്മാരാണ് തലപ്പത്തിരിക്കുന്നത്?

ഇങ്ങനെ ഒരു കളവ് നടന്നുവെന്ന് ദേവസ്വം ബോര്‍ഡിന് അറിയാമായിരുന്നു. എന്നിട്ടും മറച്ചുവച്ചു. അതിനു കാരണം കേസെടുത്താല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി മാത്രമല്ല പ്രതിയാകുക. അതിന് കൂട്ടു നിന്ന ദേവസ്വത്തിലെയും സര്‍ക്കാരിലെയും വമ്പന്മാര്‍ കൂടി കേസില്‍ അകപ്പെടും. അതുകൊണ്ടാണ് അറിഞ്ഞിട്ടും മൂടി വച്ചത്. ദ്വാരപാലക ശില്‍പം വിറ്റ് കാശാക്കിയെന്ന് അറിയാവുന്ന സര്‍ക്കാരും ദേവസ്വം ബോര്‍ഡും അതേ ഉണ്ണികൃഷ്ണന്‍ പോറ്റിയെ അടുത്ത കളവിനായി 2015-ല്‍ വീണ്ടും വിളിച്ചു വരുത്തി. അതുകൊണ്ടാണ് നിലവിലെ ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും ദേവസ്വം ബോര്‍ഡിനെയും പുറത്താക്കണമെന്ന് ആവശ്യപ്പെടുന്നത്.

പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് കോടതിയും അടിവരയിട്ടിരിക്കുകയാണ്. കുറെ സ്വര്‍ണം ബാക്കിയുണ്ടെന്നും കല്യാണം നടത്തിക്കൊടുക്കാമെന്നും പറഞ്ഞ് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി. വാസുവിന് ഉണ്ണികൃഷ്ണന്‍ പോറ്റി മെയില്‍ അയച്ചിട്ടുണ്ട്. അയ്യപ്പന്റെ സ്വര്‍ണം വച്ചാണ് കല്യാണം നടത്താമെന്നും പറഞ്ഞത്. വാസു സി.പി.എം പശ്ചാത്തലമുള്ള ആളാണ്. ഇവര്‍ക്കെല്ലാം എല്ലാം അറിയാം. ദ്വാരപാലക ശില്‍പം ഏത് കോടീശ്വരന്റെ വീട്ടിലാണെന്ന് സി.പി.എം വ്യക്തമാക്കണം. അതിനുള്ള ഉത്തരവാദിത്തം സി.പി.എമ്മിനുണ്ട്.

പുതുതായി നിയമസഭയില്‍ വന്ന മൂന്ന് മന്ത്രിമാര്‍ പ്രതിപക്ഷത്തെ നിയമസഭാ ചട്ടം പഠിപ്പിക്കേണ്ട. ആദ്യമായാണ് ചോദ്യോത്തര വേള സ്തംഭിപ്പിച്ചതെന്ന രീതിയിലാണ് അവര്‍ സംസാരിക്കുന്നത്. നിയമസഭ അടിച്ചു തകര്‍ത്ത മന്ത്രമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇരിക്കുമ്പോഴാണ് പ്രഹസനം നടത്തുന്നത്. ഇപ്പോള്‍ കോടതിയോട് വലിയ ബഹുമാനമാണ്. സി.ബി.ഐ അന്വേഷണമാണ് നല്ലതെന്ന അഭിപ്രായമാണ് പ്രതിപക്ഷത്തിനുള്ളത്. സര്‍ക്കാരില്‍ വിശ്വാസമില്ലെന്ന പ്രഖ്യാപനമാണ് ഹൈക്കോടതി നടത്തിയിരിക്കുന്നത്. അതുകൊണ്ടാണ് സര്‍ക്കാരിനോട് പ്രത്യേക അന്വേഷണ സംഘത്തിന്റെ പേര് നല്‍കണമെന്ന് കോടതി ആവശ്യപ്പെടാത്തത്. സര്‍ക്കാരിലും പൊലീസിലും കോടതിക്ക് വിശ്വാസം ഉണ്ടായിരുന്നെങ്കില്‍ നിങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷിക്കണമെന്നു പറഞ്ഞേനെ. പ്രത്യേക അന്വേഷണ സംഘത്തിലെ ഓരോ അംഗവും ആരാണെന്നു പോലും കോടതി തീരുമാനിച്ചു. കോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷണം നടത്തുന്നതിന് ഞങ്ങള്‍ എതിരല്ല. ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും ദേവസ്വം ബോര്‍ഡിനെ പുറത്താക്കണമെന്നതുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇവര്‍ക്ക് ഇപ്പോള്‍ കോടതിയോട് എന്തൊരു ബഹുമാനമാണ്! ലാവലിന്‍ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ഉത്തരവിട്ട് ചീഫ് ജസ്റ്റിസായിരുന്നു വി.കെ ബാലി. സ്വാശ്രയ കേസില്‍ വിധി പറഞ്ഞതില്‍ ബാലിക്കെതിരെ ബാലി, കോലി എന്ന മുദ്രാവാക്യം വിളിച്ച് പ്രതീകാത്മകമായി നാടു കടത്തിയ അന്നത്തെ എസ്.എഫ്.ഐക്കാരും ഡി.വൈ.എഫ്.ഐക്കാരുമായിരുന്നവരാണ് ഇന്ന് മന്ത്രിമാരായി ഇരുന്ന് കോടതിയെ കുറിച്ച് ഞങ്ങളെ പഠിപ്പിക്കുന്നത്. പിണറായി വിജയനെതിരെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടതിന്റെ പേരില്‍ ചീഫ് ജസ്റ്റിസിനെ നാടുകടത്തിയവര്‍ ഞങ്ങളെ കോടതിയോടുള്ള ബഹുമാനം പഠിപ്പിക്കേണ്ട. അന്ന് പിണറായി വിജയന്റെ കൂലിപ്പട്ടാളമായി ചീഫ് ജസ്റ്റിസിനെ അപമാനിച്ച് നാടുകടത്തിയവരാണ് ഈ മന്ത്രിമാര്‍.

ദേവസ്വം ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും അനുമതിയോടെ ശബരിമലയിലെ ദ്വാരപാലക ശില്‍പം കോടികള്‍ വാങ്ങി വിറ്റഴിച്ചെന്ന ഗുരുതര കണ്ടെത്തലില്‍ ശക്തമായ പ്രക്ഷോഭം സഭയ്ക്കകത്തും പുറത്തും തുടരുക തന്നെ ചെയ്യും.

പി.കെ കുഞ്ഞാലിക്കുട്ടി (പ്രതിപക്ഷ ഉപനേതാവ്):
ശബരിമലയിലെ അമൂല്യമായ ദ്വാരപാലക ശില്‍പങ്ങള്‍ കളവ് പോയെന്നും വിറ്റെന്നു പറഞ്ഞത് പ്രതിപക്ഷമല്ല, കോടതിയാണ്. ഇത്തരമൊരു വിഷയം യു.ഡി.എഫ് ഭരിക്കുന്ന കാലത്തായിരുന്നെങ്കില്‍ നിയമസഭയ്ക്കുള്ളില്‍ എന്ത് നടക്കുമെന്ന് ഊഹിക്കാവുന്നതാണ്. ഭക്തര്‍ക്ക് നീതി കിട്ടുന്നതിനു വേണ്ടി ജനാധിപത്യപരമായ രീതിയിലാണ് പ്രതിപക്ഷം പ്രക്ഷോഭം നടത്തുന്നത്. എന്താണ് നടന്നതെന്ന് ജനങ്ങള്‍ക്ക് അറിയണം. അതിനു തയാറായില്ലെങ്കില്‍ പ്രക്ഷോഭം അവസാനിപ്പിക്കാന്‍ പ്രതിപക്ഷം തയാറാകില്ല.

രമേശ് ചെന്നിത്തല:

ശബരിമലയിലെ ദ്വാരപാലക ശില്‍പം മറിച്ചു വിറ്റെന്ന ആരോപണം ഉയര്‍ന്നിട്ടും മുഖ്യമന്ത്രി പ്രതകരിക്കുന്നില്ല. ലോകത്തെമ്പാടുമുള്ള അയ്യപ്പ ഭക്തരുടെ ഹൃദയത്തെ വേദനിപ്പിച്ച സംഭവമാണ് ഉണ്ടായിരിക്കുന്നത്. ദ്വാരപാലക ശില്‍പങ്ങള്‍ ഉള്‍പ്പെടെ അടിച്ചുകൊണ്ട് പോയിട്ടും മുഖ്യമന്ത്രി എന്തുകൊണ്ടാണ് പ്രതികരിക്കാന്‍ തയാറാകാത്തത്. കള്ളക്കച്ചവടം നടന്നിട്ടും സര്‍ക്കാര്‍ എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്. ദേവസ്വം മന്ത്രി രാജി വയ്ക്കണം. അന്വേഷിക്കുന്നത് കോടതി നിയോഗിച്ച സംഘമാണെങ്കിലും മന്ത്രി ഇരിക്കുമ്പോള്‍ നിക്ഷ്പക്ഷവും നീതിപൂര്‍വകവുമായ അന്വേഷണം നടക്കില്ല. അതുകൊണ്ടാണ് മന്ത്രി രാജിവച്ചുള്ള അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ദ്വാരപാലക ശില്‍പം ചെന്നൈയിലേക്ക് കൊണ്ടു പോയപ്പോള്‍ എന്തുകൊണ്ടാണ് ഉദ്യോഗസ്ഥര്‍ ഒപ്പമുണ്ടാകാതിരുന്നത്. ദേവസ്വം ബോര്‍ഡ് മാത്രമല്ല മന്ത്രി കൂടി അറിഞ്ഞുള്ള കള്ളക്കളിയാണ് നടന്നിരിക്കുന്നത്. കോടികളുടെ വെട്ടിപ്പാണ് നടത്തിയത്. മന്ത്രി രാജി വയ്ക്കണം. ദേവസ്വം ബോര്‍ഡിനെ ഹൈക്കോടതി ഇടപെട്ട് പിരിച്ചുവിടണം. കള്ളക്കളി അവസാനിപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണം. സര്‍ക്കാരിനെതിരായ ശക്തമായ പോരാട്ടവുമായി മുന്നോട്ട് പോകും.

Leave a Reply

Your email address will not be published. Required fields are marked *