തിരുവനന്തപുരം: വീട്ടുവളപ്പിൽ അനധികൃതമായി നട്ടുവളർത്തിയ നിലയിൽ കഞ്ചാവ് ചെടി കണ്ടെത്തിയ സംഭവത്തിൽ 62 വയസ്സുകാരനെതിരെ എക്‌സൈസ് കേസെടുത്തു. തലസ്ഥാന ജില്ലയിലെ നെയ്യാറ്റിൻകരയ്ക്ക് സമീപം പള്ളിച്ചൽ ഇടയ്‌ക്കോട് സ്വദേശിയായ വേണുവിൻറെ വീട്ടുവളപ്പിൽ നിന്നുമാണ് ഏകദേശം 102 സെൻറീമീറ്റർ നീളമുള്ള കഞ്ചാവ് ചെടി എക്‌സൈസ് സംഘം പിടിച്ചെടുത്തത്.

രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ, എക്‌സൈസ് ഇൻസ്‌പെക്‌ടർ പ്രശാന്തിൻ്റെ നേതൃത്വത്തിലുള്ള സംഘം വേണുവിൻ്റെ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. വീടിനോട് ചേർന്ന് ശ്രദ്ധയോടെ പരിപാലിച്ചു വളർത്തിയ നിലയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

കഞ്ചാവ് കൃഷി ചെയ്ത കുറ്റത്തിന് വേണുവിനെതിരെ എൻ.ഡി.പി.എസ് (നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്) നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. എന്നാൽ, എക്‌സൈസ് സംഘം പരിശോധനയ്ക്ക് എത്തിയ സമയത്ത് പ്രതി സ്ഥലത്ത് ഇല്ലാതിരുന്നതിനാൽ അറസ്റ്റ് രേഖപ്പെടുത്താനായില്ല.

വീട്ടിൽ വേണു ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും, സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും എക്‌സൈസ് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *