സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടതായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീർഘകാല ഊർജസുരക്ഷ ഉറപ്പാക്കുന്നതിനുമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻടിപിസിയുമായി നടത്തിയ ചര്‍ച്ചയിലാണ് നിര്‍ണായക നടപടികളെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ അറിയിച്ചു. ഡൽഹിയിൽ നടന്ന ചർച്ചയിൽ പുനരുപയോഗ ഊർജ സംഭരണം, അധിക വൈദ്യുതി ലഭ്യത, സാങ്കേതിക സഹകരണം ഉള്‍പ്പെടെ സുപ്രധാന മേഖലകളിൽ സമഗ്രമായ ധാരണയിലെത്തി. സംസ്ഥാനത്തിന്റെ ഊർജ ഭാവി കൂടുതൽ ശക്തമാക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പുകളാണ് തീരുമാനങ്ങളെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ NTPCയുമായി ന്യൂഡൽഹിയിൽ നടത്തിയ ചർച്ചയിൽ കേരളത്തിന്റെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനും ഭാവിയിലെ ഊർജ ആവശ്യങ്ങൾ ഉറപ്പാക്കുന്നതിനുമായി നിരവധി നിർണായക തീരുമാനങ്ങളെടുത്തു.
കായംകുളത്ത് 2000 MWh ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS):
KSEB, NTPC, NTPC Green Energy Limited (NGEL) എന്നിവർ ചേർന്ന് പദ്ധതി നടപ്പാക്കുന്നതിനായി ധാരണാപത്രം ഒപ്പുവയ്ക്കും.
160 MWh BESS പദ്ധതികൾ 2027 മാർച്ചോടെ:
പോത്തൻകോട്, ശ്രീകണ്ഠപുരം എന്നിവിടങ്ങളിൽ 80 MWh വീതമുള്ള BESS പദ്ധതികൾ കമ്മീഷൻ ചെയ്യും.
സിന്നറിൽ നിന്ന് 300 MW വരെ വൈദ്യുതി:
മഹാരാഷ്ട്രയിലെ NTPC സിന്നർ പദ്ധതിയിൽ നിന്ന് കേരളത്തിന് 300 MW വരെ വൈദ്യുതി ലഭ്യമാക്കും. യൂണിറ്റിന് ₹5.18 നിരക്കിലാണ് വൈദ്യുതി ലഭ്യമാക്കുന്നത്.
കായംകുളം 27 MW സോളാർ പദ്ധതി:
NTPC നടപ്പാക്കുന്ന പദ്ധതിയുടെ തുടർനടപടികൾ വേഗത്തിലാക്കാനും ആവശ്യമായ സംസ്ഥാന സഹകരണം ഉറപ്പാക്കാനും തീരുമാനമായി.
കേരളത്തിന് സമർപ്പിത വൈദ്യുതി നിലയം:
കേരളത്തിന്റെ ദീർഘകാല വൈദ്യുതി ആവശ്യകത പരിഗണിച്ച് സമർപ്പിത വൈദ്യുതി നിലയം സ്ഥാപിക്കണമെന്ന് NTPCയോട് ആവശ്യപ്പെട്ടു. രാമഗുണ്ടം പവർ പ്ലാന്റിൽ നിന്ന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള Power Purchase Agreement ഒപ്പുവയ്ക്കാനുള്ള സന്നദ്ധതയും NTPC അറിയിച്ചു.
KSEBയ്ക്ക് സാങ്കേതിക പിന്തുണ: മാനേജ്‌മെന്റ്, സാങ്കേതിക പ്രവർത്തനം, ആധുനിക വൈദ്യുതി മാനേജ്‌മെന്റ് സംവിധാനങ്ങൾ എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി NTPCയുടെ പ്രൊഫഷണൽ, സാങ്കേതിക വൈദഗ്ധ്യം KSEBയ്ക്ക് ലഭ്യമാക്കും.
പുനരുപയോഗ ഊർജം, ഊർജ സംഭരണം, അധിക വൈദ്യുതി ലഭ്യത, ദീർഘകാല വൈദ്യുതി സുരക്ഷ — കേരളത്തിന്റെ ഊർജ ഭാവി കൂടുതൽ ശക്തമാക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പുകളാണ് ഈ തീരുമാനങ്ങൾ.
