കാസര്‍കോട്: കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം സെമിനാറിനിടെ വിദ്യാര്‍ത്ഥി പ്രതിഷേധം. അധ്യാപകനായ ശ്രീകുമാര്‍ സെമിനാര്‍ പ്രസന്റേഷന്‍ നടത്തുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ ഹാളിലേക്ക് കടന്നുവരികയും പ്രതിഷേധിക്കുകയുമായിരുന്നു. ആര്‍എസ്എസ് ഗോ ബാക്ക് എന്ന മുദ്രാവാക്യം വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തി. ഇതിന് പുറമേ വിദ്യാര്‍ത്ഥികള്‍ കൂക്കി വിളിക്കുകയും ഷൂ ഉയര്‍ത്തുകയും ചെയ്തു. ഇതോടെ സെമിനാര്‍ പ്രസന്റേഷന്‍ നിര്‍ത്തിവെച്ചു. വിദ്യാര്‍ത്ഥികള്‍ ആസാദി മുദ്രാവാക്യവും മുഴക്കി.

ഇതിനിടെ സെമിനാറിന് പിന്തുണയുമായി എബിവിപി രംഗത്തെത്തി. ‘വന്ദാമാതരം’ എന്ന് മുദ്രാവാക്യം മുഴക്കിയായിരുന്നു എബിവിപി പിന്തുണ അറിയിച്ചത്.

ഇന്നത്തെ സെമിനാറില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറായിരുന്നു മുഖ്യാതിഥി. ഇന്നലത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു ഗവര്‍ണര്‍ ഉന്നയിച്ചത്. ഇന്നലെ ഉണ്ടായ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ചില അജണ്ടകളുണ്ടെന്നായിരുന്നു ഗവര്‍ണര്‍ പറഞ്ഞത്. സ്വാഭാവികമായി ഉണ്ടായ ഒറ്റപ്പെട്ട പ്രതിഷേധമായിരുന്നില്ല. വന്ദേമാതരത്തിനെതിരായ നീക്കമാണ് നടന്നത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളെ കണ്ടെത്തുകയും കര്‍ശന നടപടി സ്വീകരിക്കുകയും വേണം. ഇവിടെയുണ്ടായ പ്രതിഷേധം രാജ്യത്താകെ ചര്‍ച്ചയായി. രാജ്യത്തിനാണ് അപമാനം. വന്ദേമാതരത്തെ എതിര്‍ക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. കൊളോണിയല്‍ നിയമങ്ങളെ തകര്‍ത്തതില്‍ പോലും വന്ദേമാതരത്തിന് പങ്കുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. ഇതിനെതിരെ എസ്എഫ്‌ഐ, എന്‍എസ്‌യുഐ സംഘടനകളും രംഗത്തെത്തി.

പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ രാജ്യദ്രോഹികളാക്കാനാണ് ശ്രമമെന്ന് സംഘടനകള്‍ വിമര്‍ശിച്ചു. ആര്‍എസ്എസ് നേതാവിനെ സെമിനാറില്‍ പങ്കെടുപ്പിച്ചതിനെയാണ് എതിര്‍ത്തത്. വന്ദേമാതരത്തിനെതിരായ നീക്കമായി ചിത്രീകരിക്കുന്നു. രാജ്യദ്രോഹികളായി കേസെടുക്കട്ടെ, ജയിലിലടക്കട്ടെ. സര്‍വകലാശാലയെ കാവിവത്കരിക്കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം തുടരുമെന്നും വിദ്യാര്‍ത്ഥി സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ സെമിനാര്‍ പ്രസന്റേഷന്‍ ആരംഭിക്കുന്നതിന് മുന്നോടിയായി അധ്യാപകന്‍ ശ്രീകുമാര്‍ പ്രസംഗിച്ചപ്പോഴായിരുന്നു വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

കേന്ദ്ര സര്‍വകലാശാലയില്‍ രണ്ട് ദിവസമായി വന്ദേമാതരം സെമിനാല്‍ നടക്കുകയാണ്. ഇന്നലെ നടന്ന സെമിനാറില്‍ ആര്‍എസ്എസ് സൈദ്ധാന്തികന്‍ ജെ നന്ദകുമാറിനെ പങ്കെടുപ്പിച്ചതിനെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. എസ്എഫ്‌ഐ, എംഎസ്എഫ്, എഐഎസ്എഫ് അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകളായിരുന്നു പ്രതിഷേധിച്ചത്.

എബിവിപിയുടെയും ആര്‍എസ്എസിന്റെയും നേതാക്കള്‍ക്ക് മാത്രമായി നടത്തുന്ന സെമിനാറാണ് നടക്കുന്നതെന്നും സര്‍വകലാശാലയെ പൂര്‍ണമായും കാവിവല്‍ക്കരിക്കാനുള്ള നടപടിയാണ് ഇതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *