തൃശൂർ: കേരളത്തിന്റെ ആരോഗ്യമേഖലയിലെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാനത്തിന് അർഹമായ എയിംസ് നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

കേരളം ഇന്ത്യയുടെ ഭാഗമല്ലേ എന്നും, സംസ്ഥാനത്തിന്റെ നേട്ടങ്ങളെ അംഗീകരിക്കാൻ കേന്ദ്രം തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തെ അംഗീകരിക്കുന്നുണ്ടെങ്കിൽ സംസ്ഥാനത്തിന് അർഹമായ എയിംസ് അനുവദിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തൃശൂരിൽ എയിംസ് കൊണ്ടുവരുമെന്ന് സുരേഷ് ഗോപി നൽകിയ വാഗ്ദാനങ്ങൾ ബിനോയ് വിശ്വം ഓർമ്മിപ്പിച്ചു. സുരേഷ് ഗോപിയെ വിജയിപ്പിച്ചാൽ എയിംസ് വരുമെന്നായിരുന്നു അന്നത്തെ പ്രധാന പ്രചാരണം. എന്നാൽ ഇപ്പോൾ നൽകിയ വാക്ക് പാലിക്കാതെ സുരേഷ് ഗോപിയും കേന്ദ്ര സർക്കാരും മലക്കം മറിയുകയാണെന്നും, അദ്ദേഹത്തിന്റെ വാക്കുകൾ വിശ്വാസത്തിലെടുക്കരുതെന്നും ബിനോയ് വിശ്വം പരിഹസിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ മറച്ചുപിടിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *