ആലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. കൈനകരി കായിത്തറ ശ്യാംജിത്തിന്റെ ഭാര്യ അപർണ(21)യും കുഞ്ഞുമായിരുന്നു മരിച്ചത്. ചികിത്സാപിഴവാണ് മരണകാരണമെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് വിദഗ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് മന്ത്രിയുടെ നിർദേശം. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.

പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിച്ച അപർണയെ ചൊവ്വാഴ്ചയാണ് ലേബർ റൂമിലേക്ക് മാറ്റിയത്. ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെ ശസ്ത്രക്രിയ വേണമെന്ന് ബന്ധുക്കളെ അറിയിച്ച ആശുപത്രി അധികൃതർ അപർണയുടെ അമ്മയിൽ നിന്ന് സമ്മത പത്രം ഒപ്പിട്ടുവാങ്ങിയെന്ന് ബന്ധുക്കൾ പറയുന്നു. വൈകിട്ട് നാലോടെയാണ് കുട്ടി മരിച്ചെന്ന് അറിയിച്ചത്. തുടർന്ന് ഹൃദയമിടിപ്പ് കൂടിയതിനാൽ അപർണയെ വെന്റിലേറ്ററിലേക്ക് മാറ്റി. രണ്ട് ദിവസം മുമ്പ് നടത്തിയ പരിശോധനയിലും കുഴപ്പമില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചതെന്നും ജൂനിയർ ഡോക്ടർമാർ ശസ്ത്രക്രിയ നടത്തിയതാണ് മരണ കാരണമെന്നും ബന്ധുക്കൾ ആരോപിച്ചു.

ചികിത്സാപ്പിഴവാണ് മരണകാരണമെന്ന് കാട്ടി ബന്ധുക്കൾ രംഗത്തെത്തിയതോടെ ആശുപത്രിയിൽ സംഘർഷാവസ്ഥയുണ്ടായി. എന്നാൽ പൊക്കിൾക്കൊടി പുറത്തുവന്നതോടെയാണ് ശസ്ത്രക്രിയ തീരുമാനിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എ അബ്ദുൾ സലാം പ്രതികരിച്ചു. പ്രസവസമയത്ത് അമ്മയ്ക്കും കുഞ്ഞിനും 20 ശതമാനം മാത്രമായിരുന്നു ഹൃദയമിടിപ്പ്. ചികിത്സിച്ച സീനിയർ ഡോക്ടർ പ്രസവ സമയത്ത് ആശുപത്രിയിൽ ഉണ്ടായിരുന്നുവെന്നും ആരോപണം നിഷേധിച്ച് സൂപ്രണ്ട് പറഞ്ഞു. 48 മണിക്കൂറിനകം ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *