പാലക്കാട്: കടുവ സെന്‍സസിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പുതൂര്‍ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവിന്റെ മകന് ജോലി നല്‍കുമെന്ന് വനംവകുപ്പ്. മകന്‍ അനില്‍കുമാറിന് വനം വകുപ്പില്‍ താല്‍കാലിക ജോലി നല്‍കാന്‍ തീരുമാനമായി. കുടുംബത്തിന് ആദ്യഘട്ട നഷ്ടപരിഹാരത്തുക നാളെ കൈമാറുമെന്നും വനംവകുപ്പ് അറിയിച്ചു.

അതേസമയം, കാളിമുത്തുവിന്റെ മരണ കാരണം ആന്തരിക രക്തസ്രാവമാണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. നട്ടെല്ലും വാരിയെല്ലുകളും തകര്‍ന്ന നിലയിലാണ്. ആന്തരികാവയവങ്ങള്‍ക്കെല്ലാം ക്ഷതമേറ്റു. ആന പിന്നില്‍ നിന്നും തുമ്പിക്കൈകൊണ്ട് എറിഞ്ഞതിന്റെ ക്ഷതങ്ങളും ശരീരത്തിലുണ്ട്. തുമ്പിക്കൈ കൊണ്ട് എറിഞ്ഞ ശേഷം കാട്ടാന നെഞ്ചില്‍ ചവിട്ടിയെന്നും പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് കാളിമുത്തു കൊല്ലപ്പെട്ടത്. സെൻസസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഓടി മാറിയിരുന്നു. എന്നാല്‍ പിന്നീട് കാളിമുത്തുവിനെ കണ്ടെത്താനായില്ല. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ അറിയിച്ചതിനെ തുടർന്ന് ആർആർടി നടത്തിയ തിരച്ചിലില്‍ പിന്നീട് കാളിമുത്തുവിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *